മെല്‍ബണ്‍: 2021 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനായി താരങ്ങളെ എത്തിച്ച ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 47 താരങ്ങള്‍ ക്വാറന്റൈനില്‍.

സീസണിലെ ഓപ്പണിങ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിനായി ലോസ് ആഞ്ജലിസ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് കളിക്കാരെയും പരിശീലകരെയും എത്തിച്ച രണ്ട്  ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങളിലെ കളിക്കാരല്ലാത്ത മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഫെബ്രുവരി എട്ടിന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ സംഘാടകര്‍ക്കും താരങ്ങള്‍ക്കും ഇത് ഒരുപോലെ തിരിച്ചടിയായി. മെല്‍ബണ്‍ പാര്‍ക്കില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി 1200 കളിക്കാരെയും പരിശീലകരെയും ഉദ്യോഗസ്ഥരെയും മെല്‍ബണിലേക്ക് കൊണ്ടുവരുന്നതിനായി 15 ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ലോസ് ആഞ്ജലിസില്‍ നിന്നെത്തിയ ഫ്‌ളൈറ്റ് ക്രൂവിലെ ഒരു അംഗത്തിനും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഭാഗമായ ഒരു ജീവനക്കാരനും കോവിഡ് സ്ഥീരീകരിച്ചതോടെ വിമാനത്തില്‍ ഉണ്ടായിരുന്ന 24 താരങ്ങളെ മെല്‍ബണിലെ ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലേക്ക് മാറ്റി.

അബുദാബിയില്‍ നിന്നുള്ള മറ്റൊരു വിമാനത്തില്‍ ഒരു യാത്രക്കാരനാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഈ വിമാനത്തില്‍ ഉണ്ടായിരുന്ന 23 താരങ്ങളും ക്വാറന്റൈനിലായി.

ക്വാറന്റൈനിലായ താരങ്ങള്‍ 14 ദിവസം ഹോട്ടല്‍ മുറിയില്‍ തന്നെ തങ്ങണം.

Content Highlights: Australian Open 3 test positive on special charter flights 47 players quarantined