മെല്‍ബണ്‍: ആറുവട്ടം ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ സീഡില്ലാതാരം ദക്ഷിണകൊറിയയുടെ ചുങ് ഹ്യോണിനുമുന്നില് മുട്ടുകുത്തി. സ്കോര്‍: 7-6, 7-5, 7-6.
ടെന്നീസ് എല്‍ബോയെ തുടര്‍ന്ന് ആറുമാസത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ദ്യോക്കോവിച്ച് പരിക്കില്‍നിന്നും മോചിതനായില്ലെന്നു ചുങ്ങുമായുള്ള മത്സരം തെളിയിച്ചു. മൂന്നാം റൗണ്ടില്‍ നാലാം സീഡുകാരനായ അലക്സാണ്ടര്‍ സവറേവിനെ അട്ടിമറിച്ച 21-കാരനായ ചുങ്, തന്റെ മാതൃകാതാരത്തെ തോല്പിച്ച് ആദ്യ ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇടംകാണുകയായിരുന്നു.
അഞ്ചാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ അഞ്ചുസെറ്റില് മറികടന്ന് അമേരിക്കയുടെ സീഡില്ലാതാരം ടെന്നിസ് സാന്ഡ്ഗ്രനും ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ ചുങ്ങും സാന്ഗ്രനും തമ്മിലാണ് പോരാട്ടം. സ്കോര്‍: 6-2, 4-6, 7-6, 6-7, 6-3. നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ റോജര്‍ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളില്‍ ജയിച്ച് 20-ാം ഗ്രാന്സ്ലാം കിരീടം തേടിയുള്ള പ്രയാണം വേഗത്തിലാക്കി. മുന്പരിശീലന പങ്കാളിയും സീഡില്ലാതാരവുമായ ഹങ്കറിയുടെ മാര്‍ട്ടണ്‍ ഫുക്സോവിക്സിനെയാണ് നാലാം റൗണ്ടില്‍ 36-കാരനായ ഫെഡറര്‍ മറികടന്നത്. സ്കോര്‍: 6-4, 7-6, 6-2. ചെക് താരം തോമസ് ബെര്‍ഡിച്ചാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. ബെര്‍ഡിച്ച് നാലാം റൗണ്ടില്‍ 25-ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫൊഗ്നീനിയെ തോല്പിച്ചു (6-1, 6-4, 6-4).
വനിതാ ടോപ് സീഡ് സിമോണ ഹാലെപ് വെല്ലുവിളികളൊന്നുമില്ലാതെ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. സീഡില്ലാതാരം ജപ്പാന്റെ നവോമി ഒസാക്കയെയാണ് ഹാലെപ് നേരിട്ടുള്ള സെറ്റുകളില്‍ തോല്പിച്ചത് (3-6, 2-6). ചെക് താരങ്ങളായ ആറാം സീഡ് കരോളിന പ്ലിസ്കോവയും ബാര്‍ബറ സ്ട്രൈക്കോവയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ഹാലെപ് ക്വാര്‍ട്ടറില്‍ നേരിടും. മറ്റ് നാലാം റൗണ്ട് മത്സരങ്ങളില്‍ 17-ാം സീഡ് മാഡിസണ്‍ കീസ് എട്ടാം സീഡ് ഫ്രാന്‍സിന്റെ കരോളിന് ഗാര്‍സിയയെ വീഴ്ത്തിയപ്പോള്‍ (6-3, 6-2) 21-ാം സീഡ് ആഞ്ജലിക് കെര്‍ബര്‍ സീഡില്ലാതാരം തായ്പേയിയെ കീഴടക്കാന്‍ ശരിക്കും വിയര്‍ത്തു (4-6, 7-5, 6-2).
ബൊപ്പണ്ണ, ദിവിജ് സഖ്യങ്ങള്‍ പുറത്ത്
പുരുഷവിഭാഗം ഡബ്ള്‍സില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. ലിയാന്‍ഡര്‍ പേസ്-പുരവ് രാജ സഖ്യത്തിന് പിന്നാലെ രോഹന് ബൊപ്പണ്ണയുടെയും ദിവിജ് ശരണിന്റെയും സഖ്യങ്ങളും പ്രീക്വാര്‍ട്ടറില്‍ തോറ്റുമടങ്ങി. ബൊപ്പണ്ണയും ഫ്രഞ്ചുകാരന് എഡ്വാര്‍ഡോ റോജെരിയോ വാസെലിനുമടങ്ങിയ സഖ്യം മേറ്റ് പാവിച്ച് (ക്രൊയേഷ്യ)-ഒളിവര്‍ മരാച്ച് (ഓസ്ട്രിയ) കൂട്ടുകെട്ടിനോട് മൂന്നു സെറ്റില്‍ കീഴടങ്ങി (4-6, 7-6, 3-6). ദിവിജ്-രാജീവ് റാം (അമേരിക്ക) സഖ്യം ടോപ് സീഡുകളായ ലൂക്കാസ് കുബോട്ട് (പോളണ്ട്)-മാര്‍സെലോ മെലോ (ബ്രസീല്‍) സഖ്യത്തോട് കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി (6-3, 6-7, 3-6). ഞായറാഴ്ച പേസ്-പുരവ് സഖ്യം കൊളംബിയയുടെ സെബാസ്റ്റ്യന്‍ കബാല്‍-റോബര്‍ട്ട് ഫാറ സഖ്യത്തോട് തോറ്റിരുന്നു.
Content Highlights; Australian Open 2018 Hyeon Chung defeats Novak Djokovic