മെല്‍ബണ്‍: അമേരിക്കന്‍ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഓസ്‌ട്രേലിയന്‍ ടാബ്ലോയിഡ്ഹെറാൾഡ് സൺ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരേ ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധം. ഹാരിപോര്‍ട്ടറിന്റെ രചയിതാവ് ജെ.കെ റൗളിങ്, അമേരിക്കന്‍ സിവില്‍ റൈറ്റ് ആക്ടിവിസ്റ്റ് ജെസി ജാക്‌സണ്‍ തുടങ്ങിയ പ്രമുഖരും ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് ദിനപ്പത്രവും ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

എന്നാല്‍ ഈ വിമര്‍ശനമൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഹെറാള്‍ഡ് സണ്ണിന്റേത്. സെറീനയെ വംശീയമായി അധിക്ഷേപിച്ച കാര്‍ട്ടൂണ്‍ അവര്‍ പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ്. അതും മുന്‍പേജില്‍ തന്നെ. കവര്‍ പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ സെറീനയ്‌ക്കൊപ്പം അന്താരാഷ്ട്ര നേതാക്കളും സ്ഥാനംപിടിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ യു.എസ് ഓപ്പണ്‍ ഫൈനലിനിടെ ചെയര്‍ അമ്പയറോട് തര്‍ക്കിക്കുകയും റാക്കറ്റ് നിലത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്ത സെറീനയെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ കാര്‍ട്ടൂണിസ്റ്റ് മാര്‍ക്ക് നൈറ്റ് വരച്ച കാര്‍ട്ടൂണ്‍ തിങ്കളാഴ്ചയാണ് ഹെറാള്‍ഡ് സണ്‍ പ്രസിദ്ധീകരിച്ചത്. 

പുരുഷശരീരത്തോട് സാദൃശ്യമുള്ള ശരീരത്തോടും തടിച്ച ചുണ്ടുകളോടും കൂടിയ ചിത്രമാണ് സെറീനയുടേതായി മാര്‍ക്ക് നൈറ്റ് വരച്ചിരിക്കുന്നത്. നിലത്ത് കിടക്കുന്ന റാക്കറ്റിനു മുകളിലേക്ക് സെറീന ചാടുന്നതായാണ് കാര്‍ട്ടൂണ്‍. കൂടാതെ അവരെ ജയിക്കാന്‍ അനുവദിച്ചുകൂടേയെന്ന് ചെയര്‍ അമ്പയര്‍ എതിരാളി ഒസാക്കയോട് ചോദിക്കുന്നതായും കാര്‍ട്ടൂണിലുണ്ട്. ഒസാക്കയേയും അമ്പയറേയും വെളുത്ത നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ടാബ്ലോയിഡാണ് ഹെറാള്‍ഡ് സണ്‍. കാര്‍ട്ടൂണ്‍ അച്ചടിച്ചുവന്നതോടെ പത്രത്തിനെതിരേയും കാര്‍ട്ടൂണിസ്റ്റിനെതിരേയും വ്യാപക പ്രതിഷേധമുയര്‍ന്നു. സെറീനയെ വംശീയമായി അധിക്ഷേപിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം.

ലോകത്തിലെ ഏറ്റവും മികച്ച വനിതാ കായിക താരത്തെ വംശീയമായും ലിംഗവിവേചനത്തോടെയുമാണ് ചിത്രീകരിച്ചതെന്നും രണ്ടാമത്തെ വനിതാ താരത്തെ മുഖമില്ലാത്ത വെറും തൂണാക്കിമാറ്റിയെന്നുമായിരുന്നു ലോകപ്രശസ്ത എഴുത്തുകാരി ജെ.കെ റൗളിങ്ങിന്റെ വിമര്‍ശനം.

സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കാര്‍ട്ടൂണിസ്റ്റ് മാര്‍ക്ക് നൈറ്റ് തന്നെ രംഗത്തെത്തി. ഇതില്‍ വംശീയതയോ ലൈംഗികതയോ ഇല്ലെന്നും കോര്‍ട്ടിലെ സെറീനയുടെ മോശം പെരുമാറ്റത്തെ സൂചിപ്പിക്കുക മാത്രമാണ് മാര്‍ക്ക് നൈറ്റ് പറഞ്ഞത്. ഓസിസ് പുരുഷ ടെന്നീസ് താരം മോശമായി പെരുമാറിയപ്പോഴും താന്‍ ഇത്തരത്തില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ടെന്നും നൈറ്റ് വിശദീകരണം നല്‍കി. 

ഹെറാള്‍ഡ് സണ്ണിന്റെ ഉടമകളായ ന്യൂസ് കോര്‍പ്പ് ഓസ്ട്രേലിയയുടെ എക്സ്‌ക്യൂട്ടീവ് ചെയര്‍മാന്‍ മൈക്കിള്‍ മില്ലറും കാര്‍ട്ടൂണിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെയും കാര്‍ട്ടൂണിന്റെയും ആക്ഷേപഹാസ്യത്തിന്റേയും കര്‍ത്തവ്യം അറിയാത്തവരാണ് ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും വിവാദ കാര്‍ട്ടുണ്‍ വീണ്ടും പ്രസിദ്ധീകരിച്ച പത്രത്തിന്റെ നടപടിയെ ധിക്കാരം എന്നാണ് സമൂഹ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്.

Content Highlights: australian newspaper herald sun reprints racist cartoon on serena williams