ഫ്‌ളോറിഡ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കയെ കീഴടക്കി നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍ട്ടി മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബാര്‍ട്ടിയുടെ വിജയം. സ്‌കോര്‍: 6-1, 1-6, 6-2

ആദ്യ സെറ്റ് 6-1 ന് അനായാസം നേടിയ ബാര്‍ട്ടിയെ രണ്ടാം സെറ്റില്‍ ഇതേ സ്‌കോറിന് അസരെങ്ക കീഴടക്കി. ഇതോടെ മൂന്നാം സെറ്റിലേക്ക് കളി നീണ്ടു. മൂന്നാം സെറ്റില്‍ പക്ഷേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ബാര്‍ട്ടി സെറ്റും മത്സരവും സ്വന്തമാക്കി.

ക്വാര്‍ട്ടറില്‍ ലോക എഴാം നമ്പര്‍ താരമായ ആര്യാന സബലെങ്കയോ മാര്‍ക്കേറ്റ വോണ്‍ഡ്രൗസോവയോ ആയിരിക്കും ബാര്‍ട്ടിയുടെ എതിരാളി. 

പുരുഷന്മാരുടെ മത്സരത്തില്‍ ക്രൊയേഷ്യയുടെ 32 കാരനായ മരിന്‍ സിലിച്ച് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റലിയുടെ കൗമാരതാരം ലോറെന്‍സോ മ്യൂസെറ്റിയെ കീഴടക്കിയാണ് സിലിച്ച് അവസാന 16-ല്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-3, 6-4. നിലവില്‍ ലോക 45-ാം റാങ്കുകാരനായ സിലിച്ച് 2014-ല്‍ യു.എസ്.ഓപ്പണ്‍ കിരീടം നേടിയിരുന്നു. 

Content Highlights: Ashleigh Barty Ousts Victoria Azarenka While Marin Cilic  Advances in Miami Open