പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടത്തിനായുള്ള ഓസ്‌ട്രേലിയയുടെ 46 വര്‍ഷം നീണ്ട കാത്തിരിപ്പിന് അവസാനം. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോണ്‍ഡ്രൗസോവയെ കീഴടക്കിയാണ് ലോക എട്ടാം നമ്പര്‍ താരമായ ബാര്‍ട്ടി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബാര്‍ട്ടിയുടെ വിജയം. സ്‌കോര്‍: 6-1, 6-3. 70 മിനിറ്റുകള്‍ മാത്രമാണ് മത്സരം നീണ്ടത്. 1973-ല്‍ മാര്‍ഗരറ്റ് കോര്‍ട്ടിനു ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമാണ് ബാര്‍ട്ടി. 

ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് ബാര്‍ട്ടിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 2014-ല്‍ ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരമാണ് ബാര്‍ട്ടി. പിന്നീട് 2016-ലാണ് വീണ്ടും റാക്കറ്റ് കയ്യിലേന്തുന്നത്.

അതേസമയം നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രിയന്‍ താരം ഡോമിനിക് തീമിനെ നേരിടും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് തീം ഫൈനലില്‍ കടന്നത്.

Content Highlights: ashleigh barty beat marketa vondrousova to win french open