മെല്‍ബണ്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയതിന് അധികൃതരോടും ആരാധകരോടും മാപ്പപേക്ഷിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് താരം പുറത്തിറങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയ താരം മാസ്‌കിടാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ വാങ്ങി. ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് താരം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. 

'ഞാന്‍ അറിയാതെ ചെയ്തുപോയതാണ്. എന്റെ തെറ്റ് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി ഇത്തരം തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കില്ല' -ബാര്‍ട്ടി പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്നതിനായി താരം തികഞ്ഞ പരിശീലനത്തിലാണ്. 24 വയസ്സുകാരിയായ ബാര്‍ട്ടി 2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയാണ് ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്. 2019 ജൂണ്‍ മാസം മുതല്‍ വനിതാതാരങ്ങളുടെ റാങ്കിങ്ങില്‍ ബാര്‍ട്ടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

Content Highlights: Ashleigh Barty apologises for unmasked supermarket visit in Melbourne