പാരിസ്: ടെന്നിസ് ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടാനാവാതെ ഇതിഹാസതാരം സെറീന വില്യംസ്. തുടര്‍ച്ചയായ തോല്‍വികളാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ ആദ്യ പത്തില്‍ നിന്നും പുറത്താക്കിയത്.
പുതിയ റാങ്കിങ് പ്രകാരം വനിതാതാരങ്ങളുടെ റാങ്കിങ്ങില്‍ സെറീന 11-ാം സ്ഥാനത്താണ്. ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്തായ ശേഷം സെറീന ഒരു ടൂര്‍ണമെന്റിലും പങ്കെടുത്തിട്ടില്ല. ഇതും റാങ്കിങ്ങില്‍ താഴേക്ക് പോകാന്‍ പ്രധാന കാരണമായി.
സെറീനയെ മറികടന്ന് യുവതാരം ആര്യന സബലെന്‍ക പത്താംസ്ഥാനത്തെത്തി. ലിന്‍സ് ഓപ്പണില്‍ കിരീടം നേടിയതോടെയാണ് സബലെന്‍ക ആദ്യ പത്തിലെത്തിയത്.
യു.എസ്. ഓപ്പണും ഫ്രഞ്ച് ഓപ്പണും കൈവിട്ടിട്ടും ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി തന്നയാണ് റാങ്കിങ്ങില്‍ ഒന്നാമത്. സിമോണ ഹാലെപ്പ് രണ്ടാമതും നവോമി ഒസാക്ക മൂന്നാമതുമാണ്. സോഫിയ കെനിന്‍, എലീന സ്വിറ്റോലിന എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ യുവതാരം ഇഗ സ്വിയാറ്റെക്ക് പതിനേഴാം സ്ഥാനത്തെത്തി.
Content Highlights: Aryna Sabalenka replaces Serena Williams in top 10