മെല്‍ബണ്‍: വിലക്കിന് ശേഷം ടെന്നീസില്‍ തിരിച്ചുവരവ് നടത്തിയ റഷ്യന്‍ താരം മരിയ ഷറപ്പോവയുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കുതിപ്പിന് അന്ത്യം. മൂന്നാം റൗണ്ടില്‍ 21-ാം സീഡും ജര്‍മന്‍ താരവുമായ ആഞ്ജലിക് കെര്‍ബറിനോടാണ് ഷറപ്പോവ പരാജയപ്പെട്ടത്. 

രണ്ടു സെറ്റിനുള്ളില്‍ തന്നെ കെര്‍ബര്‍ വിജയം പിടിച്ചെടുത്തു. ആദ്യ സെറ്റ് 6-1ന് ജര്‍മന്‍ താരം അനായാസം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ഷറപ്പോവ പൊരുതിനോക്കിയെങ്കിലും 6-3ന് സെറ്റും മത്സരവും കെര്‍ബന്‍ സ്വന്തമാക്കി. 

തത്ജാന മരിയത്തെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കം കുറിച്ച ഷറപ്പോവ രണ്ടാം റൗണ്ടില്‍ 14-ാം സീഡ് അനസ്താസ്യ സെവസ്‌റ്റോവ്‌സയെ അട്ടിമറിച്ചിരുന്നു. 

ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ നിരോധിത മരുന്നായ മെല്‍ഡോണിയം ഉപോയഗിച്ചതിനെ തുടര്‍ന്ന് ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീട് കായിക തര്‍ക്ക പരിഹാര കോടതി ഇത് 15 മാസമാക്കി കുറച്ചു. ഇതോടെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷറപ്പോവ ടെന്നീസിലേക്ക് തിരിച്ചുവരവ് നടത്തിയത്.

Content Highlights: Angelique Kerber swats aside Maria Sharapova in Australian Open cruise