ലണ്ടന്‍: സെറീന വില്ല്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ വനിതാ കിരീടം ആഞ്ജലിക് കെര്‍ബര്‍ക്ക്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 11-ാം സീഡായ ജര്‍മന്‍ താരത്തിന്റെ വിജയം. 24 അണ്‍ഫോഴ്‌സ്ഡ് എറേറ്‌ഴ്‌സാണ് സെറീന വരുത്തിയത്. നാലു തവണ സെറീനയുടെ പോയിന്റ് കെര്‍ബര്‍ ബ്രേക്ക് ചെയ്യുകയും ചെയ്തു. സ്‌കോര്‍: 6-3,6-3.

കെര്‍ബറുടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. 2016-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും യു.എസ് ഓപ്പണും ജര്‍മന്‍ താരം നേടിയിരുന്നു. 2016 വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീനയോടേറ്റ തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി കെര്‍ബറുടെ വിജയം. 

അതേസമയം ഗര്‍ഭകാലഘട്ടം കഴിഞ്ഞ പത്ത് മാസത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ സെറീന കെര്‍ബറുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു ഘട്ടത്തില്‍ പോലും കെര്‍ബര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ അമേരിക്കന്‍ താരത്തിന് കഴിഞ്ഞില്ല. രണ്ട് ഡബിള്‍ ഫാള്‍ട്ട് വരുത്തിയ സെറീന ആകെ ഒരൊറ്റ ബ്രേക്ക് പോയിന്റ് മാത്രമാണ് നേടിയത്. 

Content Highlights: Angelique Kerber defeats Serena Williams for first Wimbledon title