മെല്‍ബണ്‍: നൊവാക് ദ്യോകോവിച്ചിന് പിറകെ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. ലോക റാങ്കിങ്ങില്‍ അമ്പതാം സ്ഥാനത്തുള്ള ജര്‍മന്‍ താരം മിഷ സ്വറേവാണ് പ്രീ ക്വാര്‍ട്ടറില്‍ മറെയെ അട്ടിമറിച്ചത്. റോഡ് ലാവെര്‍ അറീനയില്‍ നടന്ന മത്സരത്തില്‍ നാല് സെറ്റിനുള്ളില്‍ മിഷ വിജയം കണ്ടു. മത്സരം മൂന്നു മണിക്കൂറും 33 മിനിറ്റും നീണ്ടു നിന്നു. 

ആദ്യ സെറ്റ് മിഷ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ മറെ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നും നാലും സെറ്റില്‍ ജര്‍മന്‍ താരം മറെയ്ക്ക് പഴുതുകളൊന്നു നല്‍കിയില്ല. സ്‌കോര്‍:  7-5,5-7, 6-2, 6-4. സെര്‍വിലും വോളിയിലും മറെയെ കടത്തി വെട്ടുന്ന പ്രകടനമാണ് മിഷ പുറത്തെടുത്തത്.

2009ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ കാണാതെ മറെ പുറത്താകുന്നത് ആദ്യമായാണ്. ഗ്രാന്‍സ്ലാമില്‍ റാങ്കിങ്ങില്‍ താഴെയുള്ള ഒരു താരത്തോട് പത്ത് വര്‍ഷത്തിന് ശേഷമാണ് മറെ തോല്‍വി രുചിക്കുന്നത്. അഞ്ചു തവണ ഓസ്‌ട്രേയിന്‍ ഓപ്പണില്‍ റണ്ണറപ്പായ മറെയ്ക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല.

സഹോദരനോടൊപ്പം മിഷയുടെ വിജയാഹ്ളാദം

അതേസമയം ഇറ്റാലിയന്‍ താരം ആന്ദ്രെ സെപ്പിയെ പരാജയപ്പെടുത്തി സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തി. ടൈബ്രേക്കറിലേക്ക് നീങ്ങിയ മൂന്നു സെറ്റിലും വിജയിച്ചാണ് വാവ്‌റിങ്ക അവസാന എട്ടിലെത്തിയത്. സ്‌കോര്‍: 7-6,7-6,7-6.

വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരം വീനസ് വില്ല്യംസും റഷ്യയുടെ പവ്‌ലോചെങ്കോവയും ക്വാര്‍ട്ടറിലെത്തി. വീനസ് ജര്‍മന്‍ താരം മോണ ബര്‍ത്തലിനെ തോല്‍പ്പിച്ചപ്പോള്‍ നാട്ടുകാരിയായ കുസ്‌നെറ്റസോവയ്‌ക്കെതിരെയായിരുന്നു പവ്‌ലോചെങ്കോവയുടെ വിജയം. സ്‌കോര്‍: 6-3,6-3.