ലണ്ടന്‍: എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക്. അഞ്ചു തവണ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് മറെ കിരീടം ചൂടിയത്. കിരീട നേട്ടത്തോടെ മറെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്‌കോര്‍: 6-3, 6-4.

തുടര്‍ച്ചയായ 24ാം വിജയത്തോടെ മറെ ദ്യോക്കോവിച്ചിന്റെ റെക്കോഡ് നേട്ടത്തിനാണ് തടസ്സം നിന്നത്. തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം നേടിയ ദ്യോക്കോവിച്ചിന് തോല്‍വിയോടെ ഫെഡററുടെ ആറു കിരീടനേട്ടമെന്ന റെക്കോഡിനൊപ്പമെത്താനുള്ള അവസരം നഷ്ടപ്പെട്ടു. ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍, ആന്‍ഡി റോഡിക്ക് എന്നിവര്‍ക്ക് ശേഷം ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന കളിക്കാരനാണ് ഇരുപത്തിയൊമ്പതുകാരനായ മറെ. 

മറെ മികച്ച കളിക്കാരനാണെന്നും കിരീടനേട്ടം മറെയ്ക്ക് അര്‍ഹതപ്പെട്ടതാണെന്നും മല്‍സരശേഷം ദ്യേക്കോവിച്ച് പ്രതികരിച്ചു. നിര്‍ണായക സമയത്ത് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് ദ്യോക്കോവിച്ച് വ്യക്തമാക്കി. 

andy murray
മറെ സഹോദരന്‍ ജാമിയോടൊപ്പം

ഒന്നാം റാങ്ക് നിലനിര്‍ത്താനായതിനോടൊപ്പം സഹാദരന്‍ ജാമി വാര്‍ഡിയും ബ്രൂണോ സോറസുമടങ്ങുന്ന ജോഡി പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തിയത് ഇരട്ടി സന്തോഷം പകരുന്നതാണെന്ന് മറെ പറഞ്ഞു.