ന്യൂയോര്‍ക്ക്: വുമണ്‍സ് ടെന്നീസ് അസോസിയേഷന്റെ(ഡബ്ല്യു.ടി.എ) ഈ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി അമേരിക്കയുടെ സോഫിയ കെനിന്‍. കരിയറിലാദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയതിന്റെ കരുത്തിലാണ് താരത്തിനെത്തേടി ഈ പുരസ്‌കാരം വന്നെത്തിയത്. 

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് കെനിന്‍. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിയെയും ഫൈനലില്‍ രണ്ടുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ മുന്‍ ഒന്നാം നമ്പര്‍ താരം ഗാര്‍ബൈന്‍ മുഗുരുസയെയും തോല്‍പ്പിച്ചാണ് കെനിന്‍ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും താരം പ്രവേശിച്ചിരുന്നു. നിലവില്‍ ലോക നാലാം നമ്പര്‍ താരമാണ് കെനിന്‍.

22 കാരിയായ സോഫിയ കെനിന്‍ ഈ പുരസ്‌കാരം നേടുന്ന എട്ടാമത്തെ താരമാണ്. സെറീന വില്യംസ്, മാര്‍ട്ടിന നവരത്‌ലോവ, ലിന്‍ഡ്‌സേ ഡാവെന്‍പോര്‍ട്ട്, ട്രാസി ഓസ്റ്റിന്‍, ക്രിസ് എവേര്‍ട്ട്, വീനസ് വില്യംസ്, ജെന്നിഫര്‍ കാപ്രിയാര്‍ട്ടി എന്നിവരാണ് ഈ നേട്ടം മുന്‍പ് നേടിയവര്‍. 

ഡബ്ല്യു.ടി.എയുടെ മോസ്റ്റ് ഇംപ്രൂവ്ഡ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയത് യുവതാരം ഇഗ സ്വിയാട്ടെക്കാണ്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരം ഫൈനലില്‍ സോഫിയ കെനിനെയാണ് പരാജയപ്പെടുത്തിയത്. 

Content Highlights: American Sofia Kenin named WTA Player of the Year