ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇത്തവണ കൗമാരക്കാരികളുടെ പോരാട്ടം. ബ്രിട്ടന്റെ 18-കാരി എമ്മ റാഡുകാനുവും കാനഡയുടെ 19-കാരി ലെയ്‌ല അനി ഫെര്‍ണാണ്ടസുമാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 

സെമിയില്‍ ഗ്രീസിന്റെ 17-ാം സീഡ് മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മയുടെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 6-1, 6-4.

ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ യോഗ്യതാ റൗണ്ട് വഴി വന്ന് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റു പോലും തോല്‍ക്കാതെയാണ് എമ്മയുടെ മുന്നേറ്റം. 

ജയിച്ചാല്‍ 2004-ല്‍ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മയ്ക്ക് സ്വന്തമാകും. 2004-ല്‍ തന്റെ 17-ാം വയസിലാണ് ഷറപ്പോവ വിംബിള്‍ഡണ്‍ വിജയിക്കുന്നത്. 

വ്യാഴാഴ്ച ബെലാറസിന്റെ രണ്ടാം സീഡ് ആര്യന സബലെങ്കയെ പരാജയപ്പെടുത്തിയാണ് കാനഡയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ലെയ്‌ല ആനി ഫെര്‍ണാണ്ടസ് യു.എസ് ഓപ്പണ്‍ ഫൈനലിന് ടിക്കറ്റെടുത്തത്. സ്‌കോര്‍: 7-6(3), 4-6, 6-4. 

19-ാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് താരം ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്.

Content Highlights: All-teenager final US Open women s singles Emma Raducanu to face Leylah Fernandez