ഷാങ്ഹായ്:  പോയിന്റ് നേട്ടം ആഘോഷിക്കുന്നതിനിടെ ബോള്‍ ബോയിയെ പേടിപ്പിച്ച് ടെന്നീസ് താരം അലെക്‌സാണ്ടര്‍ സ്വരേവ്. ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിക്കോളാസ് ബാസിലാഷ്‌വിലിക്കെതിരായ മത്സരത്തിലായിരുന്നു സംഭവം. രണ്ടാം റൗണ്ടില്‍ സ്വരേവും നിക്കോളാസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. ഒടുവില്‍ 7-5, 6-4ന് നിക്കോളാസിനെ തോല്‍പ്പിച്ച് സ്വരേവ് മൂന്നാം റൗണ്ടിലെത്തി. 

ഈ മത്സരത്തിനിടയില്‍ ഒരു ബാക്ക്ഹാന്‍ഡ് വിന്നറുതിര്‍ത്ത ജര്‍മന്‍ താരം പോയിന്റ് ലഭിച്ച സന്തോഷത്തില്‍ ബോള്‍ ബോയിക്ക് നേരെ ഓടിയടുക്കുകയായിരുന്നു. ഉറക്കെ അലറിവിളിച്ച് മുഷ്ഠി ചുരുട്ടിയായിരുന്നു താരത്തിന്റെ ആഘോഷം. തന്നെ ഇടിക്കാന്‍ വരികയാണെന്ന് കരുതി ബോള്‍ ബോയ് ഒഴിഞ്ഞുമാറി. അവനാകെ പേടിച്ചരണ്ടു പോയി. ക്യാമറയില്‍ പതിഞ്ഞ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്,

ആ ബോള്‍ ബോയ് പേടിച്ച മൂത്രമൊഴിച്ചിട്ടുണ്ടാകുമെന്നും ഇങ്ങനെയൊക്കെ സന്തോഷം പ്രകടിപ്പിക്കാനമോ എന്നുമൊക്കെയാണ് ആളുകളുടെ കമന്റ്. ഇതുപോലൊരു സന്തോഷപ്രകടനം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. 

Content Highlights: Alexander Zverev Frightens Ball Boy With Intense Celebration In Hilarious Video