ടൂറിന്‍: എ.ടി.പി ഫൈനല്‍സ് ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ്. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയാണ് സ്വരേവ് കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വരേവിന്റെ വിജയം. സ്‌കോര്‍: 6-4, 6-4.

സ്വരേവിന്റെ കരിയറിലെ രണ്ടാം എ.ടി.പി.ഫൈനല്‍സ് കിരീടമാണിത്. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ സ്വരേവ് ഈ സീസണില്‍ നേടുന്ന ആറാം കിരീടമാണിത്. ലോക മൂന്നാം നമ്പര്‍ താരമായ സ്വരേവ് 2018-ലാണ് ഇതിനുമുന്‍പ് എ.ടി.പി.ഫൈനല്‍സ് കിരീടം നേടിയത്. 

സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് സ്വരേവ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ രണ്ട് റാങ്കിലുള്ള താരങ്ങളെ കീഴടക്കിയത് സ്വരേവിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

 

1990-ന് ശേഷം ഇതാദ്യമായാണ് ഒരു താരം ആദ്യ രണ്ട് റാങ്കിലുള്ളവരെ തോല്‍പ്പിച്ച് എ.ടി.പി ഫൈനല്‍സ് കിരീടം നേടുന്നത്. ആന്ദ്രെ അഗാസിയാണ് ഈ നേട്ടം മുന്‍പ് കൈവരിച്ചത്. 24 കാരനായ സ്വരേവിന്റെ കരിയറിലെ 19-ാം കിരീടമാണിത്. 

Content Highlights: Alexander Zverev beats Daniil Medvedev to claim second ATP Finals title