മുംബൈ: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ലീഗായ സൂപ്പര്‍ സ്മാഷില്‍ ഒരു ഓവറില്‍ ആറു സിക്‌സ് അടിച്ച ലിയോ കാര്‍ട്ടറെ സിക്‌സ് സിക്‌സസ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് യുവരാജ് സിങ്ങ്. പ്രശസ്ത കാര്‍ട്ടൂണായ ടോം ആന്റ് ജെറിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് യുവി ലിയോ കാര്‍ട്ടറെ സ്വാഗതം ചെയ്തത്. 

ഈ ചിത്രത്തിനൊപ്പം യുവരാജ് കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ് 'ലിയോ കാര്‍ട്ടര്‍, സിക്‌സ് സിക്‌സസ് ക്ലബ്ബിലേക്ക് സ്വാഗതം. അതൊരു ഒന്നൊന്നര അടി തന്നെയായിരുന്നു. ബഹുമാന സൂചകമെന്ന നിലയില്‍ താങ്കളുടെ ജെഴ്‌സിയില്‍ ഒപ്പിട്ട് അത് ഡവിച്ചിന് നല്‍കൂ'. കാര്‍ട്ടര്‍ ആറു സിക്‌സ് അടിച്ചത് ഡവിച്ചിന്റെ ഓവറിലാണ്.

നോര്‍ത്തേണ്‍ നൈറ്റ്‌സിനെതിരായ മത്സരത്തിലായികുന്നു കാന്റെര്‍ബെറിയുടെ താരമായ കാര്‍ട്ടറുടെ പ്രകടനം. മത്സരത്തില്‍ പുറത്താകാതെ 29 പന്തില്‍ 70 റണ്‍സ് നേടി കാര്‍ട്ടര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

ട്വന്റി-20 ക്രിക്കറ്റില്‍ ഇത് നാലാം തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ ഒരോവറിലെ ആറു പന്തിലും സിക്‌സ് അടിക്കുന്നത്. 2007-ലെ ട്വന്റി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓവറിലായിരുന്നു യുവരാജിന്റെ ആറു സിക്‌സുകള്‍. പിന്നീട് 2017-ല്‍ നാറ്റ് വെസ്റ്റ് ട്വന്റി-20 ബ്ലാസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇംഗ്ലീഷ് താരം റോസ് വൈറ്റ്‌ലി ഈ നേട്ടം കൈവരിച്ചു. 2018-ല്‍ അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗില്‍ അഫ്ഗാന്‍ താരം ഹസ്രതുള്ള നസായിയും ആറു സിക്‌സ് അടിച്ചു. 

 

Content Highlights: Yuvraj Singh's Tom And Jerry Welcome For Leo Carter To 6 Sixes Club