ന്ത്യയില്‍ ക്രിക്കറ്റ് പ്രതിഭകള്‍ക്കു പഞ്ഞമില്ലെന്നു കാട്ടിത്തന്ന പരമ്പര കൂടിയായിരുന്നു ഓസ്‌ട്രേലിയയിലേത്. ആദ്യ പതിനഞ്ചിലെ പലരും പരിക്കിന്റെ പിടിയിലമര്‍ന്നപ്പോള്‍ പുതുനാമ്പുകളെ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. വന്നവരെല്ലാം കിട്ടിയ അവസരം ഉപയോഗിച്ചു. നാളത്തെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. പരമ്പരയ്ക്കിടെ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. നാലു ബൗളര്‍മാരും ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനും. മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി, ടി. നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മുഹമ്മദ് സിറാജ് (26)

ആദ്യ ടെസ്റ്റിനിടെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോള്‍ അവസരം കിട്ടി. പിന്നീടുള്ള മൂന്നു ടെസ്റ്റുകളില്‍നിന്നായി ഒരു അഞ്ചുവിക്കറ്റ് നേട്ടമുള്‍പ്പെടെ 13 വിക്കറ്റ് സമ്പാദ്യം. പ്രധാന ബൗളര്‍മാരുടെയൊക്കെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയെ നയിക്കാന്‍ കെല്‍പ്പുള്ളവനെന്നു തെളിയിച്ചു. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക്. ഹൈദരാബാദ് സ്വദേശി.

ശുഭ്മാന്‍ ഗില്‍ (21)

പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്കു പകരക്കാരനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. രണ്ട് അര്‍ധസെഞ്ചുറിയുള്‍പ്പെടെ ആറ് ഇന്നിങ്‌സില്‍നിന്നായി 259 റണ്‍സ് സമ്പാദ്യം. 2018-ല്‍, അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അന്ന് ടൂര്‍ണമെന്റിന്റെ താരവുമായിരുന്നു. പഞ്ചാബിന്റെയും ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും താരം.

ടി. നടരാജന്‍ (29)

പരമ്പരയിലെ മൂന്നാം ഏകദിനത്തിലും നാലാം ടെസ്റ്റിലുമായി അരങ്ങേറ്റം. കളിയുടെ മൂന്നു ഫോര്‍മാറ്റിലും ഉപയോഗിക്കാവുന്ന ഇടംകൈയന്‍ ബൗളര്‍. പരമ്പരയിലെ അഞ്ചു മത്സരങ്ങളില്‍നിന്നായി 11 വിക്കറ്റുകള്‍ വീഴ്ത്തി. തമിഴ്‌നാടിന്റെയും ഐ.പി.എലില്‍ സണ്‍റൈസേഴ്‌സിന്റെയും താരം. യോര്‍ക്കറുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ മികവ്.

നവ്ദീപ് സെയ്‌നി (28)

പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ അരങ്ങേറി. രണ്ടു ടെസ്റ്റില്‍നിന്നായി നാലുവിക്കറ്റ് സമ്പാദ്യം. ഡല്‍ഹി താരം. ഐ.പി.എലിലും സജീവം.

വാഷിങ്ടണ്‍ സുന്ദര്‍ (21)

അരങ്ങേറ്റക്കാരിലെ 'ബേബി'. ബൗളര്‍ എന്നതിനേക്കാളുപരി ഒരു ഓള്‍റൗണ്ടറായി ശോഭിക്കാന്‍ കഴിയുമെന്ന് ഇതിനോടകം തെളിയിച്ചു. നാലാം ടെസ്റ്റില്‍ അരങ്ങേറ്റം. രണ്ട് ഇന്നിങ്‌സില്‍നിന്നായി 84 റണ്‍സും നാലു വിക്കറ്റും നേടി. തമിഴ്‌നാടിന്റെയും ഐ.പി.എലില്‍ ബെംഗളൂരുവിന്റെയും താരം. ആദ്യ ഇന്നിങ്സില്‍ 144 പന്തില്‍ 62 റണ്‍സെടുത്ത വാഷിങ്ടണ്‍, ശാര്‍ദൂല്‍ താക്കൂറിനൊപ്പം 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം ഇന്നിങ്‌സിലെ (29 പന്തില്‍ 22) ബാറ്റങ്ങും നിര്‍ണായകമായി.

Content Highlights: Youngsters have proved they belong to this team