ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത വെങ്കടേഷിന് അതിവേഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. 

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ വെങ്കടേഷ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരം കളിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ചുകൊണ്ട് താരം വരവറിയിച്ചു. ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നതായിരുന്നു വെങ്കടേഷിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അതിപ്പോള്‍ സാധ്യമായി. 

എന്നാല്‍ വെങ്കടേഷിന്റെ മനസ്സില്‍ മറ്റൊരു ആഗ്രഹം കൂടി ഒളിച്ചിരിപ്പുണ്ട്. വേള്‍ഡ് റസ്ലിങ് എന്റര്‍ടെയ്ന്‍മെന്റ് ഇതിഹാസ താരം അണ്ടര്‍ടേക്കറുടെ ഒപ്പ് പതിച്ച ഡബ്ല്യു.ഡബ്ല്യു.ഇ ബെല്‍റ്റ് സ്വന്തമാക്കുക എന്നതാണ് താരത്തിന്റെ ആഗ്രഹം. കുട്ടിക്കാലം മുതല്‍ റസ്ലിങ് കാണുന്ന വെങ്കടേഷ് അണ്ടര്‍ടേക്കറുടെ കടുത്ത ആരാധകനാണ്. 

അണ്ടര്‍ടേക്കര്‍ തന്നെ തിരിച്ചറിയുമെന്നും ബെല്‍റ്റ് സമ്മാനമായി നല്‍കുമെന്നും വെങ്കടേഷ് പറയുന്നു. ' ചെറുപ്പംതൊട്ടേ അണ്ടര്‍ടേക്കറുടെ കടുത്ത ആരാധകനാണ് ഞാന്‍. റസ്ലിങ് എപ്പോഴും കാണാറുണ്ട്. അണ്ടര്‍ടേക്കര്‍ ഈ വീഡിയോ കാണുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം എനിക്ക് ഒപ്പിട്ടട്ട ഡബ്ല്യു.ഡബ്ല്യു.ഇ ബെല്‍റ്റ് സമ്മാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- വെങ്കടേഷ് പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക പേജിലൂടെയാണ് വെങ്കടേഷ് അയ്യര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. റസ്ലിങ് രംഗത്ത് ഏറ്റവുമധികം ആരാധകരുള്ള താരമാണ് അണ്ടര്‍ടേക്കര്‍. 2020 ജൂണ്‍ മാസത്തില്‍ അണ്ടര്‍ടേക്കര്‍ റസ്ലിങ്ങിനോട് വിടപറഞ്ഞിരുന്നു.  

Content Highlights: WWE fan Venkatesh Iyer makes a special request to The Undertaker