കൊല്‍ക്കത്ത: ടെസ്റ്റില്‍ ഇന്ത്യയ്ക്കായി വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരമാണ് വൃദ്ധിമാന്‍ സാഹ. ഇപ്പോഴിതാ ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിലും അതിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് സാഹ തെളിയിക്കുകയും ചെയ്തു.

ഇഷാന്ത് ശര്‍മയുടെ പന്തില്‍ മഹ്മദുള്ളയെ പുറത്താക്കാന്‍ സാഹയെടുത്ത ക്യാച്ച് ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാഴ്ത്തി. മഹ്മദുള്ളയുടെ ബാറ്റില്‍ തട്ടിയ പന്ത് ഒന്നാം സ്ലിപ്പിലേക്ക് പോകുകയായിരുന്നു, ഇത് ഒരു മുഴുനീളന്‍ ഡൈവിലൂടെ സാഹ കൈക്കലാക്കി.

പിങ്ക് പന്തിന്റെ അസാമാന്യ സ്വിങ് കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതും സാഹ തന്നെ. ഇന്ത്യന്‍ പേസര്‍മാരുടെ പന്തിന്റെ ഗതിയറിയാതെ ബംഗ്ലാ താരങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ വിക്കറ്റിനു പിന്നില്‍ സാഹയ്ക്ക് നല്ല തിരക്കായിരുന്നു. ആദ്യ ദിനം രണ്ടു ക്യാച്ചുകളാണ് സാഹ സ്വന്തമാക്കിയത്. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ 100 പുറത്താക്കലുകളെന്ന നേട്ടവും സാഹ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സാഹ. 

37 ടെസ്റ്റുകളില്‍ നിന്ന് 89 ക്യാച്ചുകളും 11 സ്റ്റമ്പിങ്ങുകളുമാണ് സാഹയുടെ അക്കൗണ്ടിലുള്ളത്. എം.എസ് ധോനി (294), സയ്യിദ് കിര്‍മാനി (198), കിരണ്‍ മോറെ (130), നയന്‍ മോംഗിയ (107) എന്നിവരാണ് സാഹക്ക് മുന്നിലുള്ളത്.

Content Highlights: Wriddhiman Saha takes an exceptional catch