മുംബൈ: എം.എസ് ധോനിയുടെ ഫിനിഷിങ് മികവിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ഗ്രെഗ് ചാപ്പലിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്.

തന്റെ ഉപദേശം കരിയറിന്റെ തുടക്കകാലത്ത് ധോനിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നായിരുന്നു പ്ലേറൈറ്റ് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് ലൈവില്‍ ചാപ്പലിന്റെ അവകാശവാദം. എല്ലാ പന്തുകളെയും ആക്രമിച്ച് കളിക്കുന്ന ബാറ്റ്സ്മാന്‍ എന്ന നിലയില്‍ നിന്ന് ചിന്തിച്ച്, കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് ധോനിയെ എത്തിച്ചത് താനാണെന്നും ഗ്രെഗ് ചാപ്പല്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ചാപ്പലിനെ നന്നായൊന്ന് കൊട്ടി ഭാജി രംഗത്തെത്തിയത്. 'അദ്ദേഹം ധോണിയോട് നിലംപറ്റെയുള്ള ഷോട്ടുകളില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു, കാരണം ആ സമയം കോച്ച് എല്ലാവരേയും പുറത്തേക്കടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കളികളെല്ലാം എപ്പോഴും വ്യത്യസ്തമായിരുന്നു'- ഭാജി ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഗ്രെഗ് ചാപ്പലിനു കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റേത് ഏറ്റവും മോശം കാലഘട്ടമായിരുന്നു എന്ന ഹാഷ്ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

Worst days of Indian cricket Harbhajan responds to Greg Chappell's comments on MS Dhoni

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും കരുത്തുറ്റ ബാറ്റ്സ്മാനാണ് ധോനിയെന്ന് പറഞ്ഞായിരുന്നു ചാപ്പലിന്റെ രംഗപ്രവേശം. ഇതിനു പിന്നാലെയാണ് കരിയറിന്റെ തുടക്കകാലത്ത് തന്റെ ഉപദേശം ധോനിയുടെ ഫിനിഷിങ് പാടവം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന ചാപ്പലിന്റെ അവകാശവാദം.

ധോനിയുടെ ബാറ്റിങ് ആദ്യമായി കണ്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയിട്ടുണ്ട്. ആ സമയത്ത് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയേകിയ താരങ്ങളിലൊരാളായിരുന്നു ധോനിയെന്നും ചാപ്പല്‍ പറഞ്ഞു. അസാധാരണമായ പൊസിഷനുകളില്‍ നിലയുറപ്പിച്ച് ധോനി ഷോട്ടുകള്‍ കളിക്കുന്നത് കണ്ടപ്പോള്‍ ഇതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും ചാപ്പല്‍ വ്യക്തമാക്കി.

2005-ല്‍ ജയ്പൂര്‍ ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേ ധോനി നേടിയ 183 റണ്‍സ് മാച്ച് വിന്നിങ് ഇന്നിങ്‌സ് മറക്കാന്‍ സാധിക്കില്ല. പുണെയിലായിരുന്നു അടുത്ത മത്സരം. അതിനു മുമ്പ് എല്ലാ പന്തുകളിലും എന്തിനാണ് ബൗണ്ടറി നേടാന്‍ ശ്രമിക്കുന്നതെന്നും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കണമെന്നും ധോനിയോട് പറഞ്ഞതായും ചാപ്പല്‍ വ്യക്തമാക്കി.

പുണെ ഏകദിനത്തില്‍ 260 റണ്‍സോ മറ്റോ ആയിരുന്നു വിജയലക്ഷ്യം. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ നിന്നും വ്യത്യസ്തമായ ഇന്നിങ്സാണ് ധോനി ഇവിടെ കാഴ്ചവെച്ചത്. ഇന്ത്യക്കു അപ്പോള്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ 12-ാമനായ ആര്‍.പി സിങിനെ തന്റെയടുത്തേക്ക് അയച്ച് ധോനി സിക്‌സറുകള്‍ അടിക്കട്ടേയെന്ന് ചോദിച്ചു. എന്നാല്‍ പാടില്ലെന്നും വിജയലക്ഷ്യം ഒറ്റയക്കത്തിലെത്തുന്നതുവരെ കാത്തിരിക്കാനും താന്‍ പറഞ്ഞു. ജയിക്കാന്‍ ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ധോനി സിക്സറിലൂടെ വിജയം പൂര്‍ത്തിയാക്കിയെന്നും ചാപ്പല്‍ പറഞ്ഞു.

Content Highlights: Worst days of Indian cricket Harbhajan responds to Greg Chappell's comments on MS Dhoni