ഗ്രാന്റ്സ്ലാം വേദികളില്‍ റാക്കറ്റ് കൊണ്ട് അദ്ഭുതം സൃഷ്ടിച്ച ജര്‍മ്മന്‍ സുന്ദരി സ്റ്റെഫി ഗ്രാഫിനോട് ആരാധന തോന്നാത്തവരായി ആരുമുണ്ടാകില്ല. സ്‌റ്റെഫിയോടുള്ള ആരാധന മൂത്ത് മോണിക്ക സെലസിനെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയ ഗുന്തര്‍ പ്രാഷേ എന്ന ആരാധകനെയും ആരും മറന്നിട്ടുണ്ടാകില്ല.  ആരാധന പിന്നീട് വിവാഹഭ്യര്‍ത്ഥനയായ സംഭവങ്ങളും ഏറെയാണ്. ഇത്തരത്തില്‍ കളി നടക്കുന്നതിനിടയില്‍ കാണികളിലൊരാള്‍ സ്‌റ്റെഫിയോട് വിവാഹഭ്യാര്‍ത്ഥന നടത്തുന്ന വീഡിയോ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് ടെന്നീസ് ആരാധകരെ പഴയ ഓര്‍മ്മയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് വിംബിള്‍ഡണ്‍ അധികൃതര്‍. ഒരു ആരാധകന്‍ സ്‌റ്റെഫിയോട് വിവാഹഭ്യാര്‍ത്ഥന നടത്തുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ 20 ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. അറുപതിനായിരത്തിനടുത്ത് ലൈക്ക് കിട്ടിയ വീഡിയോ ഇതുവരെ ഷെയര്‍ ചെയ്തത് പതിനൊന്നായിരം ആളുകളാണ്.

1996ല്‍ നടന്ന വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. എതിരാളിയായ കിമികോ ഡെയ്റ്റിനെതിരെ സ്റ്റെഫി സെര്‍വ് ചെയ്യാന്‍ നില്‍ക്കെയായിരുന്നു കാണികള്‍ക്കിടയില്‍ നിന്ന് ആരോ ഉറക്കെ ചോദിച്ചത്. സ്‌റ്റെഫി, നീയെന്ന വിവാഹം ചെയ്യുമോ? അത് കേട്ട് സ്‌റ്റേഡിയത്തിലുള്ളവരെല്ലാം ഉറക്കെ ചിരിച്ചു. സ്‌റ്റെഫിക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം സ്‌റ്റെഫി തിരിച്ച് ചോദിച്ചു നിങ്ങളുടെ കയ്യില്‍ എത്ര കാശുണ്ട്? ഇതോടെ സ്‌റ്റേഡിയത്തിലെ ചിരിയുടെ തീവ്രത കൂടി. മത്സരത്തിന് അവസാനം സ്‌റ്റെഫി വിജയിച്ചു. ഫൈനലിലും എതിരാളിയെ തോല്‍പ്പിച്ച സ്റ്റെഫി വിംബിള്‍ഡണ്‍ കിരീടം നേടുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സഹതാരമായ ആന്ദ്രെ അഗാസി സ്റ്റെഫിയുടെ ജീവിത പങ്കാളിയായി.