ബെംഗളൂരു:  അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്കായി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യയുടെ ഹോക്കി ക്യാപ്റ്റനും മലയാളിയുമായ പി.ആര്‍ ശ്രീജേഷ്. '' ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഒരുപാട് ആവേശം നിറഞ്ഞതാകും. ഇന്ത്യന്‍ ടീം നൂറ് ശതമാനം കഴിവും പുറത്തെടുക്കും. പാകിസ്താനോട് പരാജയപ്പെട്ട് ഇന്ത്യന്‍ പട്ടാളക്കാര്‍ക്കാരെ നിരാശരാക്കാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം. രാജ്യത്തെ സംരക്ഷിക്കാനായി അതിര്‍ത്തികളില്‍ ജീവന്‍ ത്യജിക്കുന്നവരാണവര്‍.'' ശ്രീജേഷ് പറഞ്ഞു. 

''പാകിസ്താന്‍ ഇപ്പോള്‍ ഏറ്റവും മോശം ഫോമിലാണുള്ളത്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. പക്ഷേ അവര്‍ക്ക് നല്ല മനോധൈര്യമുണ്ട്. അവര്‍ക്ക് ഏത് ടീമിനെയും എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടുത്താനുള്ള കഴിവുണ്ട്. അതാണ് പാകിസ്താന്‍ ഹോക്കി ടീമിന്റെ പ്രത്യേകത'' ഇന്ത്യന്‍ ടീം പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ബെംഗളൂരിലെ സായ് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

റാങ്കിങ്ങില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ മുന്നിലാണെന്നും മികച്ച ടീമുകളുമായി കളിച്ച പരിചയം ഇന്ത്യക്കുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. അതേ സമയം പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്നും ശ്രീജേഷ് പറഞ്ഞു.

ഒക്ടോബര്‍ 20 മുതല്‍ 30 വരെ മലേഷ്യയിലാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി നടക്കുക. ഒക്ടോബര്‍ 23നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ എട്ടാം സ്ഥാനത്തെത്തിയിരുന്നു. അതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ടീം ഇപ്പോള്‍ ബെംഗളൂരുവില്‍ നടക്കുന്ന ദേശീയ ക്യാമ്പിലാണുള്ളത്. സപ്തംബര്‍ 18നാണ് ദേശീയ ക്യാമ്പ് തുടങ്ങിയത്.