ദുബായ്: ബാറ്റിങ് വെടിക്കെട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 താരം വില്‍ ജാക്ക്‌സ്. ടി 10 മത്സരത്തിലായിരുന്നു ജാക്ക്‌സിന്റെ വെടിക്കെട്ട്. 

വെറും 25 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ച താരം, ഓരോവറിലെ ആറു പന്തുകളും സിക്‌സറിന് പറത്തുകയും ചെയ്തു. ദുബായില്‍ സറെയും ലാന്‍കാഷെയറും തമ്മില്‍ വ്യാഴാഴ്ച നടന്ന മത്സരത്തിലായിരുന്നു സംഭവം. 

സറെയ്ക്കായി കളിച്ച ജാക്ക്‌സ് ലാന്‍കാഷെയറിന്റെ സ്റ്റീഫന്‍ പാരിയെറിഞ്ഞ ഓവറിലാണ് ആറു പന്തുകളും സിക്‌സറിന് പറത്തിയത്. ഇതോടെ ഒറ്റയടിക്ക് ജാക്ക്‌സിന്റെ വ്യക്തിഗത സ്‌കോര്‍ 62-ല്‍ നിന്ന് വെറും 22 പന്തില്‍ 98-ല്‍ എത്തി. അടുത്ത ഓവറില്‍ താരം സെഞ്ചുറിയിലെത്തുകയും ചെയ്തു. ടി 10 മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജാക്ക്‌സ് സ്വന്തമാക്കി. 

സെഞ്ചുറിക്ക് മുന്‍പ് രണ്ട് ഡോട്ട് ബോളുകള്‍ മാത്രമാണ് ജാക്ക്‌സിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. 30 പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ജാക്ക്‌സിന്റെ മികവില്‍ സറെ 10 ഓവറില്‍ മൂന്നിന് 176 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ 9.3 ഓവറില്‍ 81 റണ്‍സിന് ലാന്‍കാഷെയയര്‍ ഓള്‍ഔട്ടായി. സറെയ്ക്ക് 95 റണ്‍സിന്റെ വിജയം.

എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ടി 10 ലീഗിന് കഴിഞ്ഞ വര്‍ഷത്തെ സീസണിനിടെ ഐ.സി.സിയുടെ അംഗീകാരം ലഭിച്ചിരുന്നു. ക്രിക്കറ്റിന് ആഗോള തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കുന്നതിനായി ടി 10 ലീഗിനെ ഉപയോഗിക്കാനും ഐ.സി.സിക്ക് പദ്ധതിയുണ്ട്.

Content Highlights: will jacks 25 ball hundred t10 cricket surrey vs lancashire dubai