കാബൂൾ: നിലവിൽ ക്രിക്കറ്റിലെ മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളാണ് റാഷിദ് ഖാൻ. ട്വന്റി-20യിൽ ഒന്നിലധികം ബൗളിങ് റെക്കോഡുകൾ ഈ അഫ്ഗാൻ സ്പിന്നറുടെ പേരിലുണ്ട്. 21 വയസ് മാത്രം പ്രായമുള്ള റാഷിദിന്റെ അക്കൗണ്ടിൽ 296 ട്വന്റി-20 വിക്കറ്റുകളുണ്ട്. അതോടൊപ്പം അഫ്ഗാൻ ടീമിന്റെ ക്യാപ്റ്റനുമായി.

കഴിഞ്ഞ വർഷം അഫ്ഗാൻ ബംഗ്ലാദേശിനെ ടെസ്റ്റിൽ തോൽപ്പിച്ചപ്പോൾ ക്യാപ്റ്റൻ റാഷിദ് ആയിരുന്നു. ഇതോടെ ടെസ്റ്റ് വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും റാഷിദ് സ്വന്തമാക്കി. ഐ.പി.എല്ലിലെ വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായ റാഷിദ് ബിഗ് ബാഷ് ലീഗിലും ബംഗ്ലാദേശ് പ്രീമിയർ ലീഗിലും പാകിസ്താൻ സൂപ്പർ ലീഗിലും കളിച്ചിട്ടുണ്ട്.

ഈ അടുത്ത് ആസാദി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ റാഷിദ് തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചു. അഫ്ഗാനിസ്താൻ ഐ.സി.സി ലോകകപ്പ് നേടിയാൽ മാത്രമേ താൻ വിവാഹിതനാകൂ എന്നാണ് റാഷിദിന്റെ നിലപാട്. വിവാഹിതനാവണമെങ്കിലും വിവാഹനിശ്ചയം നടത്തണമെങ്കിലും അഫ്ഗാൻ ലോകകപ്പ് വിജയിക്കണമെന്ന് റാഷിദ് പറയുന്നു.

റാഷിദിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാല ആരാധകർ ട്രോളുമായി രംഗത്തെത്തി. വിവാഹം കഴിക്കാതിരിക്കാനുള്ള റാഷിദിന്റെ സൂത്രമാണ് ഇതെന്ന് ചിലർ പറഞ്ഞപ്പോൾ ബോളിവുഡ് താരം സൽമാൻ ഖാന്റെ അവസ്ഥയാകും റാഷിദിനെന്നാണ് മറ്റു ചിലർ പറയുന്നത്. വിവാഹം കഴിക്കാനായി അഫ്ഗാന്റെ ലോകകപ്പ് വിജയത്തിനായി കാത്തിരിക്കുന്ന റാഷിദ് എന്ന കുറിപ്പോടുകൂടി വൃദ്ധനായ റാഷിദിന്റെ ചിത്രവും ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

 

 

 

Content Highlights: Rashid Khan on His Marriage, Rashid Khan in Trolls, Afghanistan Cricket