മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരായ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ക്യാപ്റ്റന്‍ വിരാട് കോലി തങ്ങളിലര്‍പ്പിച്ച വിശ്വാസം കാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.  ഒരു യുവനിരയെ അണിനിരത്തി ടീമിനെ നയിക്കുന്നതില്‍ കോലിയും സന്തോഷം കണ്ടെത്തുണ്ട്. കാരണം കളിക്കളത്തിലും പുറത്തും ടീമംഗങ്ങള്‍ക്കുള്ള ഉത്സാഹമാണ് ആ സന്തോഷത്തിന് പിന്നില്‍. 

ഓരോ ടീമംഗത്തേയും കുറിച്ച് കോലിക്ക് വ്യക്തമായ ധാരണയുണ്ട്. ഒരു പ്രൊമോഷണല്‍ പരിപാടിക്കിടയില്‍ കോലി ടീമംഗങ്ങള്‍ക്കിടയിലുണ്ടാകുന്ന തമാശകളെ കുറിച്ചും തന്നെക്കുറിച്ചുമെല്ലാം മനസ്സുതുറന്നു. ചാഹലിനെക്കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞതായിരുന്നു ഇതില്‍ ഏറ്റവും രസകരം. ചാഹലിന് കോലി ഒരു സമ്മാനം നല്‍കുകയാണെങ്കില്‍ അതൊരു വാച്ചായിരിക്കും. ചാഹല്‍ എപ്പോഴും നേരംവൈകി വരുന്നു എന്നതു തന്നെയാണ് അതിന് കാരണം. 'അവന് ഞാനൊരു വാച്ച് നല്‍കും. കൃത്യസമയത്ത് തന്നെ എത്താന്‍ വേണ്ടിയാണത്. ആ വാച്ചിന് റബ്ബര്‍ ബാന്‍ഡ് സ്ട്രാപ്പായിരിക്കുമുണ്ടാകുക. മറ്റെല്ലാ സ്ട്രാപ്പും അവന് ലൂസായിരിക്കും' കോലി തമാശയായി പറയുന്നു.

ഇനി ഒഴിവുസമയമുണ്ടെങ്കില്‍ കോലി പുസ്തകം വായിക്കാനും സമയം കണ്ടെത്തും. ടെന്നീസ് താരം റാഫേല്‍ നഡാലിന്റെ ആത്മകഥയാണ് കോലിക്ക് ഇഷ്ടമുള്ള പുസ്തകം. ഒപ്പം പരമഹന്‍സ യോഗാനന്ദയുടെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗിയും. ഹോളിഡേ ആഘോഷത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്നു ചോദിച്ചാല്‍ യൂറോപ്പ് എന്നാകും കോലിയുടെ ഉത്തരം. ജാപ്പനീസ് ഭക്ഷണവും ഏറെയിഷ്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്. ആദ്യം ബട്ടര്‍ ചിക്കനും മുഗുളായ് ഭക്ഷണവുമായിരുന്നു കോലിക്ക് ഏറെയിഷ്ടം. അതില്‍ നിന്നിപ്പോള്‍ മാറിയെന്നും കോലി പറയുന്നു.

Content Highlights: Why Virat Kohli wants to gift Indian cricket team spinner Yuzvendra Chahal a watch