ലോസ് ആഞ്ജലിസ്: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 

യാത്രകള്‍ക്ക് സ്ഥിരമായി ഹെലികോപ്റ്റര്‍ ഉപയോഗിക്കാറുള്ള കോബി 13-കാരിയായ മകള്‍ ജിയാനയുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്പോര്‍ട്‌സ് അക്കാദമിയിലേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. കോബിയും മകളുമടക്കം ഒമ്പത് പേര്‍ക്കാണ് ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

അപകടത്തിനു ശേഷം കോബി 2018-ല്‍ നല്‍കിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ന്തുകൊണ്ടാണ് താന്‍ സ്ഥിരമായി യാത്രകള്‍ക്കായി ഹെലികോപ്റ്റര്‍ തിരഞ്ഞെടുക്കുന്നതെന്ന് താരം വിശദീകരിക്കുന്നതാണ് ഈ വീഡിയോ.

ലോസ് ആഞ്ജലിസിലെ ഗതാഗതക്കുരുക്കാണ് റോഡ് വിട്ട് കോബി ഹെലികോപ്റ്റര്‍ തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണം. അതോടൊപ്പം തന്നെ കുടുംബവുമൊത്ത് തനിക്ക് കൂടുതല്‍ സമയം ചെലവഴിക്കാനും ഇതിനാല്‍ സാധിക്കുമെന്നും കോബി പറയുന്നുണ്ട്. മുന്‍ എന്‍.ബി.എ താരമായ റെക്‌സ് ചാപ്മാനാണ് ഈ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോഡിലെ യാത്ര ഉപേക്ഷിച്ച് ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തപ്പോള്‍ തനിക്ക് മത്സരങ്ങള്‍ നടക്കുന്നിടത്തു നിന്ന് വെറും 15 മിനിറ്റിനുള്ളില്‍ വീട്ടിലെത്തിച്ചേരാന്‍ സാധിക്കുന്നുണ്ടെന്നും കോബി പറയുന്നു.

1991-ല്‍ നിര്‍മിച്ച സികോര്‍ക്‌സി എസ് 76 എന്ന കോപ്റ്ററാണ് കോബി ഉപയോഗിച്ചത്. ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന കോപ്റ്റര്‍ പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.06-ന്. പത്തുമണിയോടെ കലബാസസിലെ ചെങ്കുത്തായ മലനിരകളില്‍ കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

അതേസമയം അപകടത്തില്‍ കൊല്ലപ്പെട്ട കോബി ബ്രയാന്റിന്റെയും മകള്‍ ജിയാനയുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തിരച്ചിലിന് നേതൃത്വം നല്‍കിയ ഏജന്‍സിയെ ഉദ്ധരിച്ച് എബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവ കഴിഞ്ഞ ദിവസം കണ്ടെടുത്തു. മൂന്ന് മൃതദേഹങ്ങള്‍ ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ലഭിച്ചത്. ബാക്കിയുള്ളവ അപകടം നടന്നതിനു കുറച്ചുമാറിയുമായിരുന്നുവെന്ന് ലോസ് ആഞ്ജലിസ് കൗണ്ടി വിഭാഗത്തിലെ മെഡിക്കല്‍ എക്സാമിനര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫൊറന്‍സിക് സയന്‍സ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Content Highlights: why using helicopter to travel An old video of Kobe Bryant is going viral