ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ തുടര്‍ന്നുള്ള ഏകിദന പരമ്പരയ്ക്ക് ഇറങ്ങിയത്. എന്നാല്‍ ആദ്യ ഏകദിനത്തില്‍ തന്നെ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സെന്ന സാമാന്യം വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് ന്യൂസീലന്‍ഡ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. 

വെറ്ററന്‍ താരം റോസ് ടെയ്‌ലറുടെ സെഞ്ചുറിയായിരുന്നു കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ ഇപ്പോള്‍ സെഞ്ചുറി നേടിയ ശേഷം നാക്ക് പുറത്തേക്കിട്ട് ആഘോഷിക്കുന്ന ടെയ്‌ലറുടെ രീതി ചര്‍ച്ചയാകുകയാണ്. സെഞ്ചുറി നേടുമ്പോഴെല്ലാം താരം ഇത്തരത്തില്‍ നാക്ക് പുറത്തേക്കിടാറുണ്ട്. 

സെഞ്ചുറി നേട്ടത്തില്‍ ടെയ്‌ലറെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങാണ് 'സെഞ്ചുറിയടിച്ചാല്‍ താങ്കളെന്തിനാണ് ഇങ്ങനെ നാക്ക് പുറത്തിടുന്നത് എന്ന് എനിക്കൊന്ന് പറഞ്ഞുതരാമോ' എന്ന് ട്വീറ്റ് ചെയ്തത്. ടെയ്‌ലര്‍ നാക്ക് പുറത്തേക്കിടുന്ന ചിത്രം കൂടി പങ്കുവെച്ചായിരുന്നു ഭാജിയുടെ ട്വീറ്റ്. എന്നാല്‍ ഇതിനു പിന്നാലെ ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഭാജിയുടെ ഈ ട്രോളിനൊപ്പം ചേര്‍ന്നു. 'വാട്ട് എ നാക്ക്' എന്ന് കുറിച്ച് അവര്‍ ഭാജിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തു.

Why Ross Taylor Put Tongue Out Every Time when he Score

ഈ നാക്ക് പുറത്തിടലിനു പിന്നിലെ കാരണത്തെ കുറിച്ച് ടെയ്‌ലര്‍ പറയുന്നത് ഇങ്ങനെയാണ്; വ്യത്യസ്തമായ ഈ ആഘോഷത്തെ കുറിച്ച് 2015-ല്‍ ക്രിക്കറ്റ് ഡോട്ട്‌കോം എയുവിന് അനുവദിച്ച അഭിമുഖത്തിലാണ് ടെയ്‌ലര്‍ സംസാരിച്ചത്.

മകള്‍ മക്കന്‍സിക്കു വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ നാക്ക് പുറത്തേക്കിടുന്നതെന്നാണ് ടെയ്‌ലര്‍ അന്ന് പറഞ്ഞത്. താന്‍ ഇത് ചെയ്യുന്നത് മകള്‍ക്ക് ഒത്തിരി ഇഷ്ടമാണെന്നും ടെയ്‌ലര്‍ പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍ സെഞ്ചുറി നേടിയിട്ടും പലവട്ടം താന്‍ ടീമില്‍ നിന്ന് പുറത്തായിട്ടുണ്ട്. അതിനു ശേഷമാണ് സെഞ്ചുറി അടിച്ചശേഷം ഇങ്ങനെ നാക്ക് പുറത്തിട്ട് തുടങ്ങിയതെന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ നിന്ന് പുറത്താക്കുന്ന സെലക്ടര്‍മാര്‍ക്കുള്ള മറുപടിയാണ് ടെയ്ലറുടെ ഈ നാക്ക് പുറത്തിടല്‍ എന്നൊരു ആരോപണവും മുന്‍പ് പ്രചരിച്ചിരുന്നു.

എന്തായാലും പരമ്പരയില്‍ ഇനി ടെയ്‌ലറുടെ നാക്ക് വായ്ക്കകത്തു തന്നെ കിടക്കണേ എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ഥന.

Content Highlights: Why Ross Taylor Put Tongue Out Every Time when he Score