മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ടീമില്‍ നിന്ന് പേസർ ജസ്പ്രീത് ബുംറ മാറിനിന്നതോടെ മാധ്യമങ്ങള്‍ താരത്തിന് പിന്നാലെയായിരുന്നു. ഒടുവില്‍ വിവാഹിതനാകാന്‍ വേണ്ടിയാണ് ബുംറ അവധിയെടുത്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

അപ്പോഴും ഒരു സംശയം ബാക്കിയായിരുന്നു. ആരാണ് ബുംറയുടെ പ്രതിശ്രുത വധു. മലയാളി നടി അനുപമ പരമേശ്വരന്‍ വരെ വാര്‍ത്തകളില്‍ നിറഞ്ഞു. ഒടുവിലിതാ ബുംറയുടെ വധുവാകാന്‍ പോകുന്ന പെണ്‍കുട്ടിയെ കണ്ടുപിടിച്ചിരിക്കുകയാണ് മാധ്യമങ്ങള്‍.

മുന്‍ മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് ബുംറയുടെ വധുവാകാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ബുംറയോ സഞ്ജനയോ ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. ആരാണ് ഈ സഞ്ജന ഗണേശന്‍?

നിരവധി സ്‌പോര്‍ട്‌സ് ഷോകളില്‍ അവതാരകയായി എത്തിയ താരമാണ് സഞ്ജന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 'നൈറ്റ് ക്ലബ്ബ്' എന്ന പരിപാടി അവതരിപ്പിച്ചും ആരാധകര്‍ക്ക് സഞ്ജനയെ നന്നായി അറിയാം. ടീം ഇന്ത്യയുടെ പ്രീ-മാച്ച്, പോസ്റ്റ്-മാച്ച് ഷോകളിലും താരം അവതാരകയായി എത്തിയിട്ടുണ്ട്.

മോഡലായാണ് സഞ്ജന കരിയര്‍ ആരംഭിച്ചത്. പിന്നീട് അവതാരകയുടെ റോളിലേക്ക് മാറുകയായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മാച്ച് പോയന്റ്, ചീക്കി സിംഗിള്‍സ് എന്നീ ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. 

സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി തന്നെ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് (പി.ബി.എല്‍), 'ദില്‍ സേ ഇന്ത്യ' എന്നിവയിലും അവര്‍ അവതാരകയായി എത്തി.

മോഡലും അവതാരകയുമായ സഞ്ജന 2014-ല്‍ മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു. എം.ടിവിയുടെ സ്പ്ലിറ്റ്സ് വില്ലയുടെ ഏഴാം സീസണിലെ മത്സരാര്‍ഥിയായിരുന്നു അവര്‍. 2012-ല്‍ ഫെമിന സ്‌റ്റൈല്‍ ഡിവ പട്ടവും താരം നേടിയിരുന്നു.

എന്നിരുന്നാലും ബുംറയുടെ വധു ആരാണെന്നുള്ള സസ്‌പെന്‍സ് പുറത്തായിരിക്കുകയാണ്. അതേസമയം മാര്‍ച്ച് 14-15 തീയതികളില്‍ ഗോവയിലാവും വിവാഹ ചടങ്ങുകളെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായിരിക്കും നടത്തുകയെന്നാണ് വിവരം.

Content Highlights: Who Is Sanjana Ganesan Jasprit Bumrah Is Set To Marry