ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഹിത് രോഹിത് ഗുരുനാഥ് ശര്‍മയെന്ന ബാറ്റ്സ്മാനില്‍ നിന്ന് വലിയ സ്‌കോറാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുക. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്‌കോറിങ് എത്ര തന്നെ പതിയെയായാലും അവസാനത്തേക്കെത്തുമ്പോള്‍ ആ ബാറ്റില്‍ നിന്ന് പിറക്കുന്ന ബൗണ്ടറികള്‍ക്ക് കണക്കുണ്ടാകില്ല. 

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികളെന്ന നേട്ടം സ്വന്തമായുള്ള ഏക താരത്തിന്റെ കരിയറിലെ മൂന്നാം സെഞ്ചുറി പിറന്നിട്ട് ഇന്ന് മൂന്നു വര്‍ഷം തികയുകയാണ്.

2017 ഡിസംബര്‍ 13-ന് മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഹിറ്റ്മാന്റെ ഏകദിന കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറിയുടെ പിറവി.

ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ രണ്ടാം ഏകദിനമായിരുന്നു വേദി. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത്താണ് ആ മത്സരത്തില്‍ ടീമിനെ നയിച്ചത്. ധര്‍മശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ ലങ്കയോട് വെറും 112 റണ്‍സിന് പുറത്തായതിന്റെ നാണക്കേടുമായാണ് ഇന്ത്യ മൊഹാലിയില്‍ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. 

തിസാര പെരേരയുടെ നേതൃത്വത്തില്‍ പരമ്പര ജയം ലക്ഷ്യമിട്ടെത്തിയ ലങ്കയെ മൊഹാലിയില്‍ കാത്തിരുന്നത് രോഹിത് കൊടുങ്കാറ്റായിരുന്നു. മത്സരത്തില്‍ 153 പന്തുകളില്‍ നിന്ന് 12 സിക്‌സും 13 ഫോറുമടക്കം 208 റണ്‍സോടെ രോഹിത് പുറത്താകാതെ നിന്നു. 

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനടക്കുമ്പോള്‍ ലങ്ക കരുതിയത് ആദ്യ മത്സരത്തിലേതു പോലെ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കാമെന്നായിരുന്നു. എന്നാല്‍ രോഹിത്തും ധവാനും നിലയുറപ്പിച്ചതോടെ വിറച്ചത് ലങ്കയായിരുന്നു. ധവാനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സാണ് രോഹിത് ചേര്‍ത്തത്. പതിവു പോലെ പതിയെയായിരുന്നു ഹിറ്റ്മാന്റെ തുടക്കം. 65 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി. ധവാനായിരുന്നു രോഹിത്തിനേക്കാള്‍ അപകടകാരി. 

115-ാം പന്തില്‍ 100 തികച്ചതിനു പിന്നാലെ രോഹിത്തിന്റെ ഭാവം മാറി. വെടിക്കെട്ടിന് തിരികൊളുത്തിയ രോഹിത്തിന് ആദ്യ നൂറിലേക്ക് 115 പന്തുകള്‍ വേണ്ടിവന്നെങ്കില്‍ അവസാന നൂറിലേക്കെത്താന്‍ ചെലവായത് വെറും 36 പന്തുകള്‍ മാത്രം. 43-ാം ഓവര്‍ അവസാനിക്കുമ്പോള്‍ 126 പന്തില്‍ നിന്ന് 116 റണ്‍സെന്ന നിലയിലായിരുന്നു രോഹിത്. 44-ാം ഓവറില്‍ സുരണ ലക്മലിനെതിരേ നാലു സിക്‌സറുകള്‍ നേടിയായിരുന്നു വെടിക്കെട്ടിന് തുടക്കം. പിന്നാലെ നുവാന്‍ പ്രദീപിനെയും രോഹിത് കടന്നാക്രമിച്ചു. 100-ല്‍ നിന്ന് 150-ലേക്ക് വേണ്ടി വന്നത് വെറും 18 പന്തുകള്‍. 150-ല്‍ നിന്നും 200-ലേക്കെത്താനും 18 പന്തുകള്‍. 153 പന്തുകള്‍ നീണ്ട രോഹിത്തിന്റെ വെടിക്കെട്ട് അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 392 റണ്‍സ്. 

മറുപടി ബാറ്റിങ്ങില്‍ ഏയ്ഞ്ചലോ മാത്യൂസ് സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും എട്ടിന് 251 റണ്‍സെടുക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ. ഇന്ത്യന്‍ ജയം 141 റണ്‍സിന്.

2013 നവംബര്‍ രണ്ടിന് ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി (209). പിന്നീട് 2014 നവംബര്‍ 13-ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ലങ്കയ്‌ക്കെതിരേ തന്നെ രണ്ടാം ഇരട്ട സെഞ്ചുറിയും പിറന്നു.

2013 മുതല്‍ 2020 വരെ ഓരോ കലണ്ടര്‍ വര്‍ഷത്തിലും ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം രോഹിത്തിന്റെ പേരിലാണ്.

Content Highlights: When Rohit Sharma slammed his 3rd double hundred to extend ODI record