ന്യൂഡല്‍ഹി: കളിക്കളത്തിലായാലും കളത്തിന് പുറത്തായാലും ശാന്തത കൈവിടാത്ത പ്രകൃതക്കാരനായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. 

എന്നാല്‍ ദ്രാവിഡ് ഒരിക്കല്‍ ദേഷ്യപ്പെട്ട സംഭവം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. 

ദ്രാവിഡിന്റെ ദേഷ്യത്തിന് കാരണക്കാരനായത് ആരെന്നോ? മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം.എസ് ധോനി. അടുത്തിയെ ട്രാഫിക്കില്‍ വെച്ച് ദ്രാവിഡ് ദേഷ്യപ്പെടുത്ത ഒരു പരസ്യ ചിത്രം പുറത്തുവന്നിരുന്നു. ദ്രാവിഡിന്റെ ഇതുവരെ കാണാത്ത മുഖം എന്ന തരത്തില്‍ ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഈ സാഹചര്യത്തിലാണ് ദ്രാവിഡ് ശരിക്കും ദേഷ്യപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന സെവാഗിന്റെ വെളിപ്പെടുത്തല്‍.  

''രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പാകിസ്താന്‍ പര്യടനത്തിലായിരുന്നു അത്. എം.എസ് ധോനി അന്ന് ടീമിലെ പുതുമുഖമാണ്. ഒരു മത്സരത്തില്‍ ധോനി മോശം ഷോട്ട് കളിച്ച് പോയിന്റില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ദ്രാവിഡ് ധോനിയോട് ദേഷ്യപ്പെട്ടു. ഇങ്ങനെയാണോ കളിക്കുന്നത്, നീ മത്സരം ഫിനിഷ് ചെയ്യണമായിരുന്നുവെന്ന് ദേഷ്യത്തോടെ ധോനിയോട് പറഞ്ഞു. എനിക്കും ദ്രാവിഡിന്റെ ചീത്ത കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അദ്ദേഹം പറഞ്ഞ ഇംഗ്ലീഷ് പകുതിയും എനിക്ക് മനസിലായില്ലായിരുന്നു.'' - സെവാഗ് പറഞ്ഞു.

''അടുത്ത മത്സരം കളിക്കാനിറങ്ങിയ ധോനി കാര്യമായി ഷോട്ടുകളൊന്നും കളിക്കാതിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്താണ് കുഴപ്പമെന്ന് ഞാന്‍ ചെന്ന് ധോനിയോട് ചോദിച്ചു. ദ്രാവിഡില്‍ നിന്ന് വീണ്ടും ചീത്തകേള്‍ക്കാനാകില്ലെന്നായിരുന്നു മറുപടി. ഞാന്‍ എങ്ങനെയെങ്കിലും മത്സരം ഫിനിഷ് ചെയ്ത് പൊയ്‌ക്കൊള്ളാമെന്നും ധോനി പറഞ്ഞു.'' - സെവാഗ് കൂട്ടിച്ചേര്‍ത്തു.

Content Highlights: When Rahul Dravid lost cool on young MS Dhoni