2016 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - ബംഗ്ലാദേശ് മത്സരം ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ടെന്നൊന്നും മറക്കാന്‍ പോകുന്നില്ല. പരാജയം ഉറപ്പിച്ചിരുന്ന ഘട്ടത്തില്‍ എം.എസ് ധോനിയെന്ന തന്ത്രശാലിയായ ക്യാപ്റ്റന്റെ ഇടപെടലിലൂടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന പന്തിലെ റണ്ണൗട്ടിലൂടെ ധോനി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചിട്ട് ഇന്ന് നാലു വര്‍ഷം തികയുകയാണ്.

ഇന്ത്യയില്‍ നടന്ന ലോകകപ്പ് ആയതുകൊണ്ടു തന്നെ കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്ന ടീം ഇന്ത്യ തന്നെയായിരുന്നു. എന്നാല്‍ നാഗ്പുരില്‍ കിവീസിനോട് ആദ്യ മത്സരത്തില്‍ തന്നെ തോറ്റതോടെ പിന്നീടുള്ള മൂന്നു മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ജീവന്‍ മരണ പോരാട്ടമായി.

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി. മൂന്നാം മത്സരം ബെംഗളൂരുവില്‍ ബംഗ്ലാദേശിനെതിരേ. 2016 മാര്‍ച്ച് 23-ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതോടെ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 146-ല്‍ ഒതുങ്ങി.

വിജയം ഉറപ്പിച്ചപോലെ ബാറ്റു ചെയ്ത ബംഗ്ലാദേശ് തമീം ഇഖ്ബാല്‍, സാബിര്‍ റഹ്‌മാന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ മികവില്‍ വിജയത്തിലെത്തുമെന്ന തോന്നലുണര്‍ത്തി. ഒടുവില്‍ മത്സരം അവസാന ഓവറിലേക്ക്. 

മുഷ്ഫിഖുര്‍ റഹീമും വമ്പനടിക്കാരന്‍ മഹ്‌മദുള്ളയും ക്രീസില്‍ നില്‍ക്കെ ഇന്ത്യയുടെ പ്രധാന ബൗളര്‍മാരുടെയെല്ലാം നാല് ഓവര്‍ ക്വാട്ട തീര്‍ന്നിരുന്നു. 11 റണ്‍സ് പ്രതിരോധിക്കാന്‍ ധോനി പന്തേല്‍പ്പിച്ചത് ഹാര്‍ദിക് പാണ്ഡ്യയെ. 

ആദ്യ പന്തില്‍ ഹാര്‍ദിക് സിംഗിള്‍ വഴങ്ങി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ ബൗണ്ടറി നേടിയ മുഷ്ഫിഖുര്‍ റഹീം വിജയമുറപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ പിച്ചില്‍ തുള്ളിച്ചാടി. ആതിഥേയരെ ലോകകപ്പില്‍ നിന്നും പുറത്താക്കാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ യഥാര്‍ഥ കളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

അമിതാവേശത്തില്‍ ബാറ്റ് വീശിയ റഹീം 19-ാം ഓവറിലെ നാലാം പന്തില്‍ ധവാന്റെ ക്യാച്ചില്‍ പുറത്തായി. അടുത്ത പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച മഹ്‌മദുള്ളയെ ജഡേജയും ക്യാച്ചെടുത്തു. ഇതോടെ ബംഗ്ലാദേശ് വിയര്‍ത്തു. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ വേണമെന്നിരിക്കെ പാണ്ഡ്യയുടെ ഷോര്‍ട്ട് പിച്ച് പന്ത് ഷുവാഗത ഹോമിനെ മറികടന്ന് വലതു കൈയിലെ കീപ്പിങ് ഗ്ലൗ ഊരിനിന്ന ക്യാപ്റ്റന്‍ ധോനിയിലേക്ക്. മുസ്തഫിസുര്‍ റഹ്‌മാന്‍ ക്രീസിലെത്തു മുമ്പ് ഓടിയെത്തിയ ധോനി വിക്കറ്റ് തെറിപ്പിച്ചു. ഉറച്ച വിജയം കൈയില്‍ നിന്ന് വഴുതിപ്പോയത് ഉള്‍ക്കൊള്ളാനാകാതെ ബംഗ്ലാദേശ് താരങ്ങള്‍ തലയില്‍ കൈവെച്ചു നിന്നു. ഇന്ത്യയ്ക്ക് ഒരു റണ്‍ ജയം.

Content Highlights: When Pandya, Dhoni held their nerves to keep India afloat in World T20