ന്യൂഡല്‍ഹി: 2018 ഐ.പി.എല്ലിനിടെ ധോനി തന്നോട് ചൂടായ സംഭവം വെളിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനും മുന്‍ ഓസീസ് താരവുമായ മൈക്കല്‍ ഹസ്സി.

2018-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തിനിടെയായിരുന്നു സംഭവമെന്ന് ഹസ്സി കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി. അന്ന് തന്റെ പണി പോകുമെന്നുവരെ ഭയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. 

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനു മുമ്പ് അവരുടെ പ്രധാന ബൗളറായ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ബൗളിങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സി.എസ്.കെയുടെ വീഡിയോ അനലിസ്റ്റ് ഹസ്സിക്ക് അയച്ചുകൊടുത്തു. ഇത് ടീം അംഗങ്ങളെ ധരിപ്പിക്കാന്‍ ഹസ്സി തീരുമാനിച്ചു. റാഷിദ് സാധാരണ ലെഗ് സ്പിന്‍ എറിയുമ്പോഴും ഗൂഗ്ലി എറിയുമ്പോഴും പന്ത് പിടിക്കുന്നതിലുള്ള വ്യത്യാസത്തെ കുറിച്ചായിരുന്നു വീഡിയോ അനലിസ്റ്റിന്റെ കണ്ടുപിടുത്തം.

ഇത് പറഞ്ഞപ്പോള്‍ ടീം അംഗങ്ങളില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ ധോനി അടക്കമുള്ള ചിലര്‍ ഇക്കാര്യത്തോട് കാര്യമായി പ്രതികരിച്ചില്ലെന്നും ഹസ്സി പറഞ്ഞു. ധോനി സാധാരണ അങ്ങനെ തന്നെയാണ് പെരുമാറാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 140 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സി.എസ്.കെയുടേത് മോശം തുടക്കമായിരുന്നു. മൂന്നിന് 24 എന്ന നിലയിലേക്ക് അവര്‍ വീണു. മത്സരത്തില്‍ ധോനി സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്കെതിരേ പതറുകയായിരുന്നു. തന്റെ ആദ്യ പന്തില്‍ തന്നെ റാഷിദ് ഖാന്‍ ധോനിയെ ക്ലീന്‍ ബൗള്‍ഡാക്കി. റാഷിദിന്റെ ഗൂഗ്ലിയിലായിരുന്നു ധോനി വീണത്. 18 പന്തില്‍ വെറും ഒമ്പത് റണ്‍സ് മാത്രമാണ് ധോനിക്ക് അന്ന് നേടാനായത്. 

''പുറത്തായ ശേഷം ധോനി ഗ്രൗണ്ടില്‍ നിന്നും നേരെ ഡഗ്ഔട്ടിലിരുന്ന എന്റെ നേര്‍ക്ക് വന്നു. രോഷത്തോടെ ഞാന്‍ എന്റേതായ രീതിയില്‍ കളിച്ചോളാം, നന്ദി എന്നും പറഞ്ഞ് അവിടെ ഇരുന്നു. അതോടെ പരിശീലകനെന്ന നിലയില്‍ എന്റെ കാര്യത്തില്‍ തീരുമാനമായെന്ന് ഞാന്‍ കരുതി. എന്നാല്‍ മത്സര ശേഷം അദ്ദേഹം എന്റെ അടുത്ത് വന്ന് നല്ല രീതിയില്‍ സംസാരിച്ചു'', ഹസ്സി പറഞ്ഞു.

മത്സരത്തില്‍ 67 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയുടെ മികവില്‍ ചെന്നൈ ജയം നേടുകയും ചെയ്തു.

Content Highlights: When Michael Hussey’s plan backfired for MS Dhoni which makes him angry