മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതിന് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി പേടിക്കുന്നത് എന്തിനാണ്? ഗാംഗുലിയുടെ വരവ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ തന്നെ ശാസ്ത്രിക്കെതിരായ ട്രോളുകളും നിറയുന്നുണ്ട്.
ദാദ വരുന്നു ശാസ്ത്രി പുറത്തേക്ക് എന്ന തരത്തിലുള്ള ട്രോളുകളാണ് നിറയെ. എന്തുകൊണ്ടാണ് ശാസ്ത്രി ഗാംഗുലിയെ പേടിക്കേണ്ടി വരുന്നത്?
ശാസ്ത്രിയും ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തന്നെയാണ് ഇതിന് കാരണം. മുമ്പ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ഡങ്കന്‍ ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ തേടുന്ന സമയത്തായിരുന്നു അത്. എന്നാല്‍ അനില്‍ കുംബ്ലെയെയാണ് അന്ന് പരിശീലകനായി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ തന്റെ പേരുവെട്ടിയത് ഗാംഗുലിയാണെന്ന് തുറന്നടിച്ച് ശാസ്ത്രി രംഗത്തെത്തുകയും ചെയ്തു. ഇതിനോട് രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഇപ്പോഴിതാ ശാസ്ത്രി മുഖ്യ പരിശീലകനായിരിക്കുന്ന സമയത്തു തന്നെ ഗാംഗുലി ബി.സി.സി.ഐയുടെ തലപ്പത്തേക്കെത്തുന്നു. അത്ര രസത്തിലല്ലാത്ത ഇരുവരും എങ്ങനെ ഒന്നിച്ച് മുന്നോട്ടുപോകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlights: what will happen to Ravi Shastri after Sourav Ganguly as BCCI president