റാഞ്ചി: വിവാഹ വാർഷിക ദിനത്തിൽ ലഭിച്ച സമ്മാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എം.എസ് ധോനിയുടെ ഭാര്യ സാക്ഷി ധോനി. 11-ാം വർഷം പൂർത്തിയാക്കുന്ന വിവാഹ ദിനത്തിൽ മനോഹരമായ ഒരു വിന്റേജ് കാറാണ് സാക്ഷിക്ക് ലഭിച്ചത്.

സമ്മാനത്തിന് നന്ദി പറഞ്ഞ് സാക്ഷി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. എന്നാൽ സമ്മാനം ആരു നൽകിയതാണെന്ന് സാക്ഷി പറഞ്ഞിട്ടില്ല. എംഎസ് ധോനിയാകും പ്രിയതമയ്ക്ക് ഈ കാർ സമ്മാനിച്ചതെന്ന് ആരാധകർ പറയുന്നു. 2010 ജൂലൈ നാലിനാണ് ധോനിയും സാക്ഷിയും വിവാഹിതരായത്. ഇവർക്ക് സിവ എന്നൊരു മകളുണ്ട്.

ധോനിയുടെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് അടക്കം നിരവധി പേർ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു. രാജാവിനും രാഞ്ജിക്കും വാർഷികാശംസകൾ എന്നാണ് ഇരുവരുടേയും ചിത്രത്തിനൊപ്പം സിഎസ്കെ ട്വീറ്റ് ചെയ്തത്.

Content Highlights: What Sakshi Wife Of MS Dhoni, Received As Gift On Wedding Anniversary