അഹമ്മദാബാദ്:  ഇന്ത്യയുടെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും ഭാര്യ സഫ് ബെയ്ഗിനും ആണ്‍കുഞ്ഞ് ജനിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഈ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച ഇര്‍ഫാന്‍ പഠാന് വിചിത്രമായ ഒരു ഉപദേശമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് ഇര്‍ഫാന്‍ ഖാനും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് ആരാധകരുടെ റീട്വീറ്റുകള്‍ വന്നു. അതിനിടയില്‍ ഒരാളുടെ ട്വീറ്റ് ഈ ലോകം പരിഹാസജനകമാണെന്നും കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുതെന്നും ആയിരുന്നു. 

ഇതിന് തക്കതായ മറുപടി തന്നെ ഇര്‍ഫാന്‍ നല്‍കി. പേരിലൊന്നും ഒരു കാര്യമില്ലെന്നും തന്റെ മകന്‍ അവന്റെ പിതാവിനെപ്പോലെയോ അല്ലെങ്കില്‍ പിതാവിന്റെ ജ്യേഷ്ഠനെപ്പോലെയോ രാജ്യത്തിന്റെ അഭിമാനമായി മാറുമെന്നായിരുന്നു ഇര്‍ഫാന്റെ മറുപടി. യാക്കൂബ് മേമനെയും ദാവൂദ് ഇബ്രാഹിമിനെയും ഉദ്ദേശിച്ചാണ് ഇയാള്‍ ഇര്‍ഫാന്‍ പഠാനെ ഉപദേശിച്ചത്. 

നേരത്തെ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും കരീന കപൂറും മകന് തയ്മൂര്‍ എന്ന പേര് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവരെയും സോഷ്യല്‍ മീഡിയയില്‍ വേട്ടയാടിവരെ താന്‍ പിന്തുണച്ചിട്ടില്ലെന്നും ഇര്‍ഫാന് ഉപദേശവുമായെത്തിയ ആള്‍ വ്യക്തമാക്കി. പിന്നീട് ഇയാള്‍ ഇര്‍ഫാനോട് മാപ്പ് ചോദിക്കുകയും ചെയ്തു.