മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി നായകന്‍ വിരാട് കോലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന കോലി രണ്ടാം ടെസ്റ്റിന് മുന്നോടിയായി പരിശീലനം ആരംഭിച്ചു. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

കോലി ക്യാമ്പിലെത്തിയതോടെ രഹാനെ വീണ്ടും സഹനായകനാകും. കോലിയില്ലാത്ത ആദ്യ ടെസ്റ്റ് മത്സരത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. കോലി ടീമിലേക്കെത്തുന്നതോടെ ഒരു ബാറ്റര്‍ക്ക് സ്ഥാനം നഷ്ടമാകും. കോലി വന്നാല്‍ രഹാനെ പുറത്തിരിക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ലോകം കണക്കുകൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് തകര്‍പ്പന്‍ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍.

കോലി വന്നാലുള്ള ഇന്ത്യന്‍ ടീമിന്റെ അവസ്ഥയെ ട്രോളിക്കൊണ്ടാണ് ജാഫര്‍ ആരാധകരെ ചിരിപ്പിച്ചത്. വിരാട് കോലി വന്നാല്‍ ഏതെങ്കിലുമൊരുതാരം പുറത്താകുമെന്ന് ജാഫര്‍ രസകരമായ വീഡിയോയിലൂടെ അവതരിപ്പിച്ചു. ജാഫറെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. ഹീര ഫെരി എന്ന ചിത്രത്തിലെ രംഗമാണ് ജാഫര്‍ ട്രോളിനായി ഉപയോഗിച്ചത്. ജാഫര്‍ ഈ വീഡിയോയിലൂടെ ട്രോളിയത് അജിങ്ക്യ രഹാനെയെയാണെന്ന് ആരാധര്‍ ഒന്നടങ്കം പറയുന്നു. 

ആദ്യ ടെസ്റ്റില്‍ വിരാട് കോലിയ്ക്ക് പകരം ശ്രേയസ് അയ്യരാണ് കളിച്ചത്. എന്നാല്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി അരങ്ങേറ്റ മത്സരം തന്നെ ഗംഭീരമാക്കിയ ശ്രേയസ് ടീമില്‍ സ്ഥാനമുറപ്പിച്ചു. ഇതോടെ രഹാനെയുടെ നില തുലാസിലായി. 2021-ല്‍ 21 ഇന്നിങ്‌സില്‍ നിന്നായി വെറും 411 റണ്‍സ് മാത്രമാണ് ടെസ്റ്റില്‍ രഹാനെയ്ക്ക് നേടാനായത്. ബാറ്റിങ് ശരാശരി വെറും 19.57 മാത്രം. 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

Content Highlights: Wasim Jaffer shares hilarious scene from Hera Pheri movie as Kohli's return brings selection headache