ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഐ.സി.സി ട്രോഫി സ്വന്തമാക്കിയിരുന്നു. മികച്ച യുവനിരയുമായി എത്തിയ ഇന്ത്യയ്ക്ക് ഫൈനലില്‍ കാലിടറി.

ബംഗ്ലാദേശിന്റെ ഈ വിജയത്തിനു പിന്നില്‍ ഒരു മുന്‍ ഇന്ത്യന്‍ താരവുമുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റണ്‍വേട്ട തുടരുന്ന വസീം ജാഫര്‍. മത്സരങ്ങള്‍ക്കൊപ്പം പരിശീലക വേഷവും സ്വീകരിക്കാറുള്ള ജാഫര്‍ മിര്‍പുരിലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കാദമിയില്‍ പരിശീലകനായി ജോലി നോക്കിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ കീഴില്‍ പരീശീലനം നേടിയവരാണ് ലോകകപ്പ് ജയിച്ച ടീമിലെ താരങ്ങളില്‍ പലരും.

അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിച്ച അക്ബര്‍ അലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജാഫറിന് കീഴില്‍ പരിശീലനം നേടിയവരാണ്. ഇടയ്ക്ക് കൈവിട്ടെന്ന് തോന്നിയ മത്സരത്തിലേക്ക് ബംഗ്ലാദേശിനെ തിരികെയെത്തിച്ചത് അക്ബര്‍ അലിയുടെ ക്ഷമാപൂര്‍വമുള്ള ഇന്നിങ്‌സായിരുന്നു. ക്യാപ്റ്റന്‍ തന്നെയായിരുന്നു ഫൈനലിലെ താരവും.

ക്യാപ്റ്റനെന്ന നിലയില്‍ പക്വത നേടിയ കളിക്കാരനാണ് അക്ബര്‍ അലിയെന്നാണ് ജാഫറിന്റെ അഭിപ്രായം. ബംഗ്ലാദേശിന്റെ അണ്ടര്‍ 14, 16 ടീമുകളെ നേരത്തെ നയിച്ച് പരിചയമുള്ളതിനാല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ അലിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Wasim Jaffer’s connection with Bangladesh U19 World Cup-winning team