ഇസ്ലാമാബാദ്: 1999-ലെ ഫിറോസ് ഷാ കോട്ട്‌ല ടെസ്റ്റില്‍ അനില്‍ കുംബ്ലെയുടെ 10 വിക്കറ്റ് നേട്ടം മനഃപൂര്‍വം ഇല്ലാതാക്കാന്‍ നോക്കിയിട്ടില്ലെന്ന് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ വസീം അക്രം.
പാകിസ്താന്‍ ഒമ്പതിന് 198 എന്ന നിലയില്‍ നില്‍ക്കെ മറ്റേതെങ്കിലും ബൗളര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് കുംബ്ലെയുടെ പെര്‍ഫക്ട് 10 തടയണമെന്ന് ചിന്തിച്ചിട്ടേയില്ലെന്നും അക്രം വ്യക്തമാക്കി. അത്തരത്തില്‍ വന്ന ആരോപണങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു.
''ഒരിക്കലുമില്ല, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത കാര്യമാണത്. ആ സമയത്ത് ഞാന്‍ വഖാറിനോട് പറഞ്ഞത് നീ നിന്റെ സാധാരണ കളി കളിക്കൂ എന്നും ഞാനൊരിക്കലും കുംബ്ലെയുടെ പന്തില്‍ പുറത്താകില്ല എന്നുമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ വഖാറിനോട് ശ്രീനാഥിനെതിരേ ഷോട്ടുകള്‍ കളിച്ചുകൊള്ളാനും പറഞ്ഞു. എന്നാല്‍ കുംബ്ലെ ബൗള്‍ ചെയ്ത ആദ്യ പന്തു തന്നെ എന്റെ ബാറ്റിലുരസി, ഞാന്‍ പുറത്തായി. ഇന്ത്യയ്ക്കും കുംബ്ലെയ്ക്കും അതൊരു വലിയ ദിവസം തന്നെയായിരുന്നു'', ഒരു യൂട്യൂബ് ഷോയില്‍ ആകാശ് ചോപ്രയോട് അക്രം പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ജിം ലേക്കറിനു ശേഷം ടെസ്റ്റിലെ ഒരു ഇന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കുന്ന താരമെന്ന നേട്ടം അനില്‍ കുംബ്ലെ സ്വന്തമാക്കിയത് 1999-ലെ ഡല്‍ഹി ടെസ്റ്റിലായിരുന്നു. പാകിസ്താന്റെ രണ്ടാം ഇന്നിങ്‌സിലാണ് കുംബ്ലെ ഈ നേട്ടം കൊയ്തത്. 1956-ല്‍ ഓസീസിനെതിരെയായിരുന്നു ജിം ലേക്കറിന്റെ നേട്ടം.
രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സ് വിജയലക്ഷ്യവുമായാണ് പാകിസ്താന്‍ ഇറങ്ങിയത്. കുംബ്ലെ തന്റെ മാജിക് പുറത്തെടുക്കുന്നതിനു മുമ്പ് വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സെന്ന മികച്ച നിലയിലായിരുന്നു പാകിസ്താന്‍. ആദ്യം 41 റണ്‍സുമായി അഫ്രീദി മടങ്ങിയപ്പോള്‍ പാകിസ്താന്‍ അപകടമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ ഇജാസ് അഹമ്മദും മടങ്ങി. പിന്നീട് ഏതാനും ഓവറുകള്‍ക്കു ശേഷം തിരിച്ചെത്തിയ കുംബ്ലെ ഇന്‍സമാമിനെ പുറത്താക്കി. അതോടെ പാകിസ്താന്‍ വിറച്ചു. ഒടുവില്‍ സ്‌കോര്‍ 207-ല്‍ പപത്താമനായി അക്രം പുറത്തായതോടെ കുംബ്ലെയ്ക്ക് സ്വപ്‌നതുല്യമായ നേട്ടം സ്വന്തം.
Content Highlights: Wasim Arkam recalls how his plan failed in 1999 Kotla Test against Anil Kumble