ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം 186 റണ്‍സിലാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമാകുന്നത്. 

ഋഷഭ് പന്തിനെ ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് പെട്ടെന്ന് ചുരുട്ടിക്കൂട്ടാമെന്നായിരുന്നു ഓസീസിന്റെ കണക്കുകൂട്ടല്‍. 

പക്ഷേ എല്ലാവരേയും അദ്ഭുതപ്പെടുത്തി ഏഴാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം ഇന്ത്യയ്ക്കായി ഗാബയില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ  വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം ഗാബയില്‍ ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി.

30 വര്‍ഷം മുമ്പ് കപില്‍ ദേവ്- മനോജ് പ്രഭാകര്‍ സഖ്യം സ്വന്തമാക്കിയ 58 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന് തിരുത്തിയത്.

ടീമിലെ പ്രധാന താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ലഭിച്ച അവസരം ഇരുവരും നന്നായി വിനിയോഗിക്കുകയായിരുന്നു. അതേസമയം 2019-ലെ സിഡ്‌നി ടെസ്റ്റില്‍ ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യം 204 റണ്‍സെടുത്തശേഷം ഏഴാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യം 50 കടക്കുന്നത് ഇതാദ്യമാണ്. 

ഗാബയില്‍ ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടുകള്‍

വാഷിങ്ടണ്‍ സുന്ദര്‍ - ഷാര്‍ദുല്‍ താക്കൂര്‍ 123 (2021)

കപില്‍ ദേവ് - മനോജ് പ്രഭാകര്‍ 58 (1991)

എം.എസ് ധോനി - ആര്‍ അശ്വിന്‍ 57 (2014)

മനോജ് പ്രഭാകര്‍ - രവി ശാസ്ത്രി 49(1991)

എം.എല്‍ ജയ്സിംഹ - ബാപു നട്കര്‍ണി 44 (1968)

Content Highlights: Washington Sundar Shardul Thakur set new 7th wicket partnership record