ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു യുവ്‌രാജ് സിങ്. 2007-ലെ പ്രഥമ ട്വന്റി 20  ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം. 

ടീമിലെ ഏറ്റവും പ്രധാന താരമായിരുന്നെങ്കിലും ഒരിക്കല്‍ പോലും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം യുവിയില്‍ വന്നുചേര്‍ന്നിരുന്നില്ല.

ഇപ്പോഴിതാ ഒരിക്കല്‍ താന്‍ ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.

2007-ലെ പ്രഥമ ട്വന്റി 20  ലോകകപ്പിലാണ് താനായിരിക്കും ടീമിനെ നയിക്കുകയെന്ന് യുവി പ്രതീക്ഷിച്ചത്. പക്ഷേ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത് എം.എസ് ധോനിയുടെ പേരായിരുന്നു. 22 യാര്‍ഡ്‌സ് എന്ന പോഡ്കാസ്റ്റിലാണ് യുവി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. 

''2007 ഏകദിന ലോകകപ്പില്‍ ഇന്ത്യ പുറത്തായി നില്‍ക്കുന്ന സമയം. ഇതിനു പിന്നാലെ രണ്ടു മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനം ഉണ്ടായിരുന്നു. അതിനൊപ്പം തന്നെ ദക്ഷിണാഫ്രിക്കയിലും അയര്‍ലന്‍ഡിലും പര്യടനം ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ട്വന്റി 20 ലോകകപ്പും വരുന്നത്. ഈ സാഹചര്യത്തിലാണ് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ചത്. അന്ന് ആ ടൂര്‍ണമെന്റ് ആരും തന്നെ കാര്യമായെടുത്തിരുന്നില്ല. അതോടെ ട്വന്റി 20 ലോകകപ്പില്‍ എന്നെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന് കരുതി. പക്ഷേ പ്രഖ്യാപിച്ചത് ധോനിയുടെ പേരായിരുന്നു.'' - യുവി പറഞ്ഞു. 

അതേസമയം ധോനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് അന്ന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതെ പോയെങ്കിലും അതൊരിക്കലും ധോനിയുമായുള്ള ബന്ധത്തെ ബാധിച്ചില്ലെന്ന് യുവി പറഞ്ഞു. ആരു തന്നെ ക്യാപ്റ്റനായാലും അവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് സഹതാരങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Was expecting to captain India in 2007 T20 World Cup but announced MS Dhoni