ടോക്യോ: പാരാലിമ്പിക്‌സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് ഭവിന ബെന്‍ പട്ടേല്‍. വനിതകളുടെ ടേബിള്‍ ടെന്നീസിലായിരുന്നു ഭവിനയുടെ മെഡൽ നേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ കരസ്ഥമാക്കുന്നത്. വമ്പന്‍ അട്ടിമറികളോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 

മെഡല്‍ നേടിയ ശേഷം അതീവ സന്തോഷത്തിലാണ് താരം. അതോടൊപ്പം ഒരാഗ്രഹവും  പങ്കുവെച്ചു. ടോക്യോ പാരാലിമ്പിക്‌സില്‍ ലഭിച്ച വെള്ളി മെഡല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ കാണിക്കണം. 

'ഞാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വലിയ ആരാധികയാണ്. അദ്ദേഹം എന്നെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് വെള്ളി മെഡല്‍ കാണിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍.'-ഭവിന പറഞ്ഞു

ഭവിന ഇതിനുമുന്‍പ് 2018 പാര ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി നേരിട്ട ശേഷം പിന്നീട് ഫീനിക്‌സ് പക്ഷിയേപ്പോലെ പറന്നുയര്‍ന്ന് വിജയങ്ങള്‍ നേടിയാണ് താരം പാരാലിമ്പിക്‌സില്‍ വെള്ളി നേടിയത്. 

ഭവിനയുടെ ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. 

Content Highlights: Want To Meet Sachin Tendulkar, Show Him My Medal: Bhavinaben Patel