ഹൈദരാബാദ്: ഒരമ്മയുടെ സ്നേഹത്തെ കുറിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ പങ്കുവെച്ച കുറിപ്പും വീഡിയോയും ചർച്ചയാകുന്നു. ഭിന്നശേഷിക്കാരനായ മകനെ വളർത്താൻ കഠിനാധ്വാനം ചെയ്യുന്ന വയോധികയെ കുറിച്ചാണ് ഈ വീഡിയോയും കുറിപ്പും. എന്നാൽ ഈ അമ്മയും ഭിന്നശേഷിക്കാരിയാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.

'പറയാൻ വാക്കുകളില്ല. അമ്മമാർ എപ്പോഴും വളരെ സ്പെഷ്യൽ വ്യക്തികളാണ്. മനുഷ്യരൂപത്തിലുള്ള സ്നേഹമാണവർ. ഭിന്നശേഷിക്കാരനായ മകനെ വളർത്താൻ ജോലി ചെയ്യുന്ന ഈ അമ്മയുടെ വീഡിയോ നമ്മുടെ ഹൃദയത്തെ സ്പർശിക്കും. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ്. എന്നിട്ടും അവർ മകനുവേണ്ടി കഷ്ടപ്പെടുന്നു. ഈ വീഡിയോ കണ്ട ചില സാമൂഹ്യ പ്രവർത്തകർ അവർക്കുള്ള ഭക്ഷണമെത്തിച്ചിട്ടുണ്ട്.' ലക്ഷ്മൺ ട്വീറ്റിൽ പറയുന്നു.

മൻദീപ് സിങ്ങ് എന്നു പേരുള്ള ട്വിറ്റർ അക്കൗണ്ടിൽ വന്ന വീഡിയോ ആണ് ലക്ഷ്മണും പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോ എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. ഇരുവരേയും സഹായിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേർ ലക്ഷ്മണിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

content highlights: VVS Laxman tweets heart touching video of mother and son