മുംബൈ: റോഡ് സേഫ്റ്റി വേള്‍സ് സീരീസ് ടൂര്‍ണമെന്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്‍ഡ്‌സ് തോല്‍വിയറിയാതെ കുതിക്കുകയാണ്. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ലെജന്‍ഡ്‌സിനെ തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ തിലക്‌രത്‌നെ ദില്‍ഷന്റെ നേതൃത്വത്തിലിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്‌സിനെയും പരാജയപ്പെടുത്തി.

രണ്ടു മത്സരങ്ങളും ജയിച്ച് കാണികള്‍ക്ക് വിരുന്നൊരുക്കിയെങ്കിലും ക്യാപ്റ്റന്‍ സച്ചിനെതിരേ ടീം അംഗം വീരേന്ദര്‍ സെവാഗിന് പരാതിയുണ്ട്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ശേഷം ബൗളിങ് തിരഞ്ഞെടുത്ത സച്ചിന്റെ തീരുമാനത്തിനെതിരേ തമാശരൂപേണയായിരുന്നു സെവാഗിന്റെ പരാതി.

''ഫീല്‍ഡ് ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്, എന്നാല്‍ സച്ചിന്‍ ഇവിടെയും ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതോടെ ഞങ്ങള്‍ക്ക് 20 ഓവറും ഫീല്‍ഡ് ചെയ്യേണ്ടി വന്നു. ഇത്‌ ബാറ്റിങ്ങിനു മുമ്പ് ഞങ്ങളെ ക്ഷീണിപ്പിച്ചു'', മത്സരത്തിനിടെ സെവാഗ് പറഞ്ഞു.

അതേസമയം മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സ് അഞ്ചു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിരുന്നു.

ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെതിരേ മാര്‍ച്ച് 14-നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlights: Virender Sehwag’s hilarious reaction after Sachin Tendulkar opts to field