പിറന്നാളാശംസകള്‍ അറിയിച്ചുള്ള വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റുകള്‍ എല്ലാം ചിരിപ്പിക്കുന്നതായിരിക്കും. ഇന്ത്യയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിന്റെ 32ാം പിറന്നാളിനും സെവാഗ് ഇത്തരത്തില്‍ ഒരു സമ്മാനം നല്‍കി.

വയസ്സ് മുപ്പത് പിന്നിട്ടെങ്കിലും ഇപ്പോഴും കുട്ടിയുടെ മുഖമാണ് പാര്‍ഥിവിന്. ഗുജറാത്തിന്റെ രഞ്ജി ട്രോഫി ക്യാപ്റ്റന്‍ കൂടിയായ പാര്‍ഥിവിന് ജീവിതകാലം മുഴുവന്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ കളിക്കാന്‍ കഴിയുമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

ശക്തിമാന്റെ വസ്ത്രം ധരിച്ച ഒരു കുട്ടിയുടെ ചിത്രത്തോടെയാണ് സെവാഗിന്റെ ട്വീറ്റ്. ''പ്രിയപ്പെട്ട നിക്കിക്ക് എന്റെ പിറന്നാള്‍ ആശംസകള്‍. നിക്കി ഇതുപോലെ കുഞ്ഞുകുട്ടിയായി തുടരുകയാണെങ്കില്‍ അണ്ടര്‍-19 ടീമില്‍ ജീവിതകാലം മുഴുവന്‍ കളിക്കാന്‍ കഴിയും''

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലറുടെ 33ാം പിറന്നാളിനും സെവാഗ് ഇതുപോലെ രസകരമായി ട്വീറ്റ് ചെയ്തിരുന്നു. കീറിയ ടീ ഷര്‍ട്ടിന്റെയും പാന്റും ഷര്‍ട്ടുമിടാതെ നില്‍ക്കുന്ന ആളുകളുടെയും ചിത്രം പോസ്റ്റ് ചെയ്ത് സെവാഗ് ഇങ്ങനെ ട്വീറ്റ് ചെയ്തു. ''ന്യൂസീലന്‍ഡിനായി മികച്ച കൂട്ടുകെട്ട് ടെയ്ല്‍ ജി തയ്‌ച്ചെടുത്തിട്ടുണ്ടെങ്കിലും ഈ ആളുകള്‍ക്കാണ് താങ്കളുടെ സേവനം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യം''