ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ സോഷ്യൽ മീഡിയ നിറയെ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളായിരുന്നു. ഇതോടൊപ്പം ക്രിക്കറ്റ് താരങ്ങളും യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മക്കളായ സാറ തെണ്ടുൽക്കർക്കും അർജുൻ തെണ്ടുൽക്കർക്കുമൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തത്. മുൻ താരം മുഹമ്മദ് കൈഫും യുവതാരം ശ്രേയസ് അയ്യരും യോഗ ചെയ്യുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ട്വീറ്റുമായാണ് മുൻതാരം വീരേന്ദർ സെവാഗ് ആരാധകർക്ക് മുന്നിലെത്തിയത്. മോഹൻലാലിന്റെ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു സെവാഗിന്റെ യോഗ.

അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടോ മുംബൈ എന്ന ചിത്രത്തിലെ 'ചെട്ടിക്കുളങ്ങര ഭരണി നാളിൽ' എന്ന് ആരംഭിക്കുന്ന റീമിക്സ് പാട്ടിന് അനുസരിച്ചായിരുന്നു സെവാഗിന്റെ യോഗ. ഈ പാട്ട് ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. 'കുറച്ച് സമയമെടുത്താലും യോഗ ചെയ്യും' എന്ന കുറിപ്പോടു കൂടിയാണ് സെവാഗ് ഈ വീഡിയോ പങ്കുവെച്ചത്.

ഇതിന് പിന്നാലെ മോഹൻലാൽ ആരാധകർ കമന്റുമായെത്തി. മോഹൻലാലിന്റെ ചിത്രങ്ങളും ഛോട്ടോ മുംബൈയുടെ പോസ്റ്ററുകളും മലയാളികൾ കമന്റ് ചെയ്തിട്ടുണ്ട്. മോഹൻലാൽ യോഗ ചെയ്യുന്ന ചിത്രവും കമന്റുകളായി കാണാം. ഒപ്പം വിരാട് കോലിയുടെ ദിനോസർ നടത്തത്തേക്കാൾ എത്രയോ മികച്ചതാണ് സെവാഗിന്റെ ഈ യോഗോ വീഡിയോ എന്നും ആരാധകരുടെ കമന്റ് കാണാം.

content highlights:  Virender Sehwag International Yoga Day 2020 Mohanlal Song