മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അവസാനമായി ഗൂഗിളിൽ തിരഞ്ഞത് എന്തായിരിക്കും?. ആർക്കായാലും അത് അറിയാൻ ഒരു ആകാംക്ഷയുണ്ടാകും. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്റെയ്നിൽ കഴിയുന്ന കോലി ആ ചോദ്യം നേരിട്ടു. ഇൻസ്റ്റഗ്രാം ചാറ്റിങ്ങിനിടെ ഒരു ആരാധകനാണ് ഈ ചോദ്യം ചോദിച്ചത്.

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ എന്നായിരുന്നു കോലിയുടെ മറുപടി. ഈ സമ്മറിൽ ക്രിസ്റ്റ്യാനോ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കാര്യമാണ് കോലി ഗൂഗ്ൾ ചെയ്തത്.

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റിയാനൊ റൊണാൾഡോയോടുള്ള ഇഷ്ടം കോലി നേരത്തെതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിന് പുറത്ത് മാതൃകയാക്കുന്ന കായികതാരം ആരാണെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരിക്കൽ കോലിയോട് ചോദിച്ചിരുന്നു. അന്ന് ക്രിസ്റ്റിയാനോയുടെ പേരാണ് കോലി പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ മാനസിക കരുത്താണ് തന്നെ പ്രചോദിപ്പിക്കുന്നത് എന്നും കോലി അന്ന് പറഞ്ഞിരുന്നു.

ധോനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് വിശ്വാസം, ബഹുമാനം എന്നാണ് കോലി ഉത്തരം നൽകിയത്. ഇന്നുണ്ടായിരുന്നെങ്കിൽ ഏത് ബൗളറുടെ മുന്നിലാണ് ഏറെ പ്രയാസപ്പെടുക എന്ന ചോദ്യത്തിന് വസീം അക്രം എന്നും കോലി മറുപടി നൽകി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി ഓരോ ചോദ്യവും ഉത്തരവും പങ്കുവെച്ചത്.

Content Highlights: Virat Kohli's Last Google Search