ന്യൂഡല്‍ഹി: പരസ്യചിത്രങ്ങളോടുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ശീതളപാനീയത്തിന്റെ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ കോലി വീണ്ടും മാതൃകാപരമായ തീരുമാനമെടുത്തിരിക്കുകയാണ്. ഇനി സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങളിലും അഭിനയിക്കില്ലെന്ന് കോലി വ്യക്തമാക്കി.
താന്‍ ഉപയോഗിക്കുന്നതും വിശ്വസിക്കാവുന്നതുമായ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ മാത്രമേ അഭിനയിക്കൂ എന്നാണ് തന്റെ നിലപാടെന്ന് കോലി വ്യക്തമാക്കി. നേരത്തേ പെപ്സിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നെങ്കിലും കരാര്‍ പുതുക്കാനില്ലെന്ന തീരുമാനത്തിലാണ് കോലി. ഈ വര്‍ഷം ഏപ്രിലില്‍ ആണ് പെപ്‌സിയുമായുള്ള കരാര്‍ അവസാനിച്ചത്.
താന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ലെന്നും അങ്ങനെയുള്ള ഒരാള്‍ അത് പ്രചരിപ്പിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്ല്യമാണെന്നും കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. കോലി തന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളെ കുറിച്ച് ബോധവാനായതിനാലാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നാണ് കോലിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരാളുടെ വിജയം അയാളുടെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാത്തിലാണെന്ന് പറയുന്ന സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ പരസ്യം കോലിയുടെ നിലപാടിന് വിപരീതമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.