പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്താന്‍ കോലിക്കായി. 

മത്സരത്തില്‍ 41 റണ്‍സെടുത്തതോടെയാണ് സ്മിത്തിന്റെ പേരിലുണ്ടായിരുന്ന 5,416 റണ്‍സ് കോലി മറികടന്നത്. ക്യാപ്റ്റനായി തന്റെ 94-ാം ഏകദിനത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 150 മത്സരങ്ങളില്‍ നിന്നാണ് സ്മിത്ത് 5,416 റണ്‍സെടുത്തത്.

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റനായി 234 ഏകദിനത്തില്‍ നിന്ന് 8497 റണ്‍സാണ് പോണ്ടിങ്ങിന്റെ സമ്പാദ്യം.

രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം.എസ് ധോനിയാണ് ഈ പട്ടികയില്‍ രണ്ടാമത്. 200 ഏകദിനങ്ങളില്‍ നിന്ന് 6641 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോനിയുടെ അക്കൗണ്ടിലുള്ളത്.

മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുങ്കെ നാലാം സ്ഥാനത്തും.

Content Highlights: Virat Kohli surpass Graeme Smith in list of most ODI runs by a captain