ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ അത്ര നല്ലനിലയിലല്ല ടീം ഇന്ത്യ ഉള്ളത്. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മൂന്നു ദിവസവും നാലു വിക്കറ്റവും ശേഷിക്കെ 97 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.

എന്നാല്‍ ഈ സാഹചര്യത്തിലും ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കളിക്കളത്തിലെ പെരുമാറ്റമാണ്.

മുന്‍പ് പലപ്പോഴും കളിക്കളത്തിലെ അമിത ആക്രമണോത്സുകതയുടെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട കോലി കിവീസ് മണ്ണിലും അത്തരത്തിലാണ് പെരുമാറുന്നതെന്നാണ് വിമര്‍ശനം.

കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലായിരുന്നു വിമര്‍ശനത്തിന് കാരണമായ സംഭവങ്ങള്‍.

29-ാം ഓവറില്‍ ബുംറയുടെ പന്തില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയിരുന്നു. വില്യംസന്റെ വിക്കറ്റ് ആക്രോശത്തോടെ ആഘോഷിച്ച കോലി, കാണികളെ നോക്കി തെറിപറയുന്നതിന്റെ വീഡിയോ ആരോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഷമിയുടെ പന്തില്‍ ടോം ലാഥം പുറത്തായതിനു ശേഷവും കാണികള്‍ക്കു നേരെ ആക്രോശിച്ച കോലി മിണ്ടാതിരിക്കാനുള്ള ആംഗ്യം കാണിക്കുകയും തെറിപറയുകയുമായിരുന്നു. 

ഈ രണ്ടു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് കോലിക്കെതിരേ കടുത്ത വിമര്‍ശനങ്ങളുയരുന്നത്. 

Virat Kohli shushes Christchurch crowd and yells

മൈതാനത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ കോലിക്കെതിരേ ഐ.സി.സി നടപടിയെടുക്കണമെന്നും നിരവധിപേര്‍ ആവശ്യപ്പെടുന്നുണ്ട്.

Virat Kohli shushes Christchurch crowd and yells

Content Highlights: Virat Kohli shushes Christchurch crowd and yells