ന്യൂഡല്‍ഹി: 2012 ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ വിരാട് കോലിയുടെ ഒരു ഓവറില്‍ 28 റണ്‍സ് അടിച്ചെടുത്ത സംഭവം ഓര്‍ത്തെടുത്ത് അന്ന് ചെന്നൈ താരമായിരുന്ന ആല്‍ബി മോര്‍ക്കല്‍.
ക്രിസ് ഗെയിലും വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയ മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ചെന്നൈ. 24 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ധോനിയെ നഷ്ടപ്പെട്ടതോടെ ചെന്നൈ പതറി. ജയിക്കാന്‍ രണ്ട് ഓവറില്‍ 43 റണ്‍സ് വേണമെന്നിരിക്കെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി 19-ാം ഓവര്‍ എറിയാന്‍ കോലിയെ പന്തേല്‍പ്പിച്ചു. ആ ഓവറില്‍ മൂന്നു സിക്‌സും രണ്ട് ഫോറുമടക്കം 28 റണ്‍സ് അടിച്ചെടുത്ത മോര്‍ക്കല്‍ ചെന്നൈയുടെ വിജയസാധ്യത വര്‍ധിപ്പിച്ചു. വിനയ് കുമാറിന്റെ അവസാന ഓവറില്‍ 15 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോ ചെന്നൈയെ വിജയത്തിലെത്തിച്ചു.
''എന്തുകൊണ്ട് അന്ന് അവര്‍ കോലിയെ പന്തെറിയിപ്പിച്ചു എന്ന് എനിക്കറിയില്ല. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടേ, അദ്ദേഹം ആ ഓവര്‍ എറിയാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ മത്സരത്തിലേ ഇല്ലായിരുന്നു. 18-ാം ഓവറിലെ അവസാന പന്തില്‍ ഞങ്ങള്‍ക്ക് ഒരു വിക്കറ്റും നഷ്ടമായിരുന്നു. 19, 20 ഓവര്‍ ബാക്കിനില്‍ക്കെ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് 43 രണ്‍സ്. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി സ്‌കോര്‍ബോര്‍ഡ് നോക്കുമ്പോള്‍ കാണുന്നത് രണ്ടോവറില്‍ നിന്ന് നാല്‍പ്പതിലേറെ റണ്‍സ്. ജയം അസാധ്യമാണെന്നു തന്നെ തോന്നി.
ക്രീസിലെത്തിയപ്പോള്‍ പന്തെറിയാനെത്തുന്നത് വിരാട് കോലി. ഒന്ന് ശ്രമിച്ചു നോക്കാമെന്ന് അപ്പോള്‍ തോന്നി. ആദ്യ പന്ത് എഡ്ജായി ബൗണ്ടറിയിലെത്തി. വിക്കറ്റിന് തൊട്ടരികിലൂടെയായിരുന്നു അത് പോയത്. എഡ്ജ് ചെയ്ത മറ്റൊരു പന്ത് ഷോര്‍ട്ട് തേഡ്മാന്‍ മുകളിലൂടെ ബൗണ്ടറിയിലെത്തി. പിന്നീട് ഞാന്‍ നേരെയുള്ള ബൗണ്ടറി ലക്ഷ്യമാക്കി പന്തടിച്ചു തുടങ്ങി. അങ്ങനെ ആ ഓവറില്‍ 28 റണ്‍സ് ലഭിച്ചു. അടുത്ത ഓവറില്‍ രണ്ടു സിക്‌സ് കൂടി അടിച്ച ബ്രാവോ മത്സരം വിജയിപ്പിക്കുകയും ചെയ്തു''- ഒരു യൂട്യൂബ് ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ മോര്‍ക്കല്‍ പറഞ്ഞു.
കരിയറിലെ ആ 15 മിനിറ്റ് തനിക്ക് ഒരു മാജിക് പോലെയായിരുന്നവെന്നും മോര്‍ക്കല്‍ കൂട്ടിച്ചേർത്തു.
Content Highlights: he shouldn't have bowled that over Albie Morkel recalls 28-runs in Virat Kohli over